Spread the love

മറ്റൊരാളെ കീറി മുറിക്കുമ്പോൾ വീഴുന്നത് നിങ്ങളാവും; സൈബർ ആക്രമണത്തെക്കുറിച്ച് നടി പാർവതി

റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ ആരോപണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ
പ്രധാനമായും ചർച്ച ചെയ്തത്. വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിന് നടി പാർവതി വലിയ വിമർശനവും നേരിട്ടു. പിന്നാലെ
അതിജീവിച്ചവരോട് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയെങ്കിലും നടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി.
വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് പാർവതി.

തനിക്കെതിരെ ഇത്തരം ഒരു ആക്രമണം ആദ്യമല്ലെന്നും ഇത് അവസാനത്തേതായിരിക്കില്ലെന്നും പാർവതി പറഞ്ഞു.
തന്നോടുള്ള വെറുപ്പും പൊതു ഇടത്തിൽ നിന്നും വേർപെടുത്തിയതിലുള്ള സന്തോഷവും, താൻ ആരാണെന്ന്
കാണിക്കുന്നതിനേക്കാൾ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നതെന്ന് താരം കുറ്റപ്പെടുത്തി.
ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാൽ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ
ഇടം നില നിർത്താൻ കഴിയുന്നില്ലെങ്കിൽ, ഭ്രഷ്ട് കൽപിക്കുന്ന സംസ്കാരത്തോടാണ് ചേർന്നു നിൽക്കുന്നതെന്നും പാർവതി
ഓർമിപ്പിക്കുന്നു.

എനിക്കും മറ്റുള്ളവർക്കും ഒരിടം ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി
മാറുന്നതിൽ ലജ്ജിക്കാറില്ല. നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര
ചെയ്യുമ്പോൾ ഓർക്കുക, വീഴുന്നത് നിങ്ങൾ തന്നെയാവും – പാർവതി പറഞ്ഞു.

വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങളുടെ
തെറ്റുകൾ സമ്മതിക്കാറില്ല എന്നതിനാൽ ആണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.
അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന് വിശ്വസിക്കുന്നു എന്നും അവരോട്
മാപ്പ് പറയുന്നു എന്നുമായിരുന്നു പാർവതി ഖേദം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റ്.

മലയാളം റാപ്പർമാർക്കിടയിൽ ശ്രദ്ധേയനായിരുന്നു വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയ്സ് ഓഫ് വോയ്സ് ലെസ്
എന്ന പേരിൽ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാൻ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു.
ഇതിന് പിന്നാലെയാണ് വിമൺ എഗെയിൻസ്റ്റ് സെക്ച്വൽ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ
ആരോപണങ്ങൾ ഉയർന്നതും ഗായകൻ ഇൻസ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞതും.

Leave a Reply