Spread the love

ക്ലാസ്‌മേറ്റ്‌സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. പതിനാല് വര്‍ഷത്തിനു ശേഷം വീണ്ടും അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ എത്തിയ രാധികയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുറച്ച്‌ മണിക്കൂറുകള്‍ എങ്കിലും കരിയറിലെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായി ജീവിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യമാണ് എന്നാണ് രാധിക പറയുന്നത്.

ഇപ്പോഴും തന്നെ പലരും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരു പക്ഷെ അറിയാത്തവരോ ആണ് പലരും. എന്നാല്‍ പ്രേക്ഷകര്‍ റസിയയെ ഓര്‍ത്തിരിക്കുന്നത് അംഗീകാരമാണെന്ന് രാധിക സമയം മലയാളത്തോട് പ്രതികരിച്ചു. നിലവില്‍ ദുബായിലാണ് രാധിക താമസിക്കുന്നത്.

ക്ലാസ്‌മേറ്റ്‌സിലെ സഹതാരങ്ങളില്‍ ഇന്ദ്രജിത്തിനോടും നരെയ്‌നോടും വല്ലപ്പോഴും സംസാരിക്കാറുണ്ട്, ബാക്കിയാരുമായി അത്ര വലിയ കോണ്ടാക്ടില്ല എന്നാണ് രാധിക പറയുന്നത്. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ബാലതാരമായാണ് രാധിക മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.

സിദ്ദിഖ് ലാലിന്റെ അസോസിയേറ്റായിരുന്ന മുരളിചേട്ടന്‍ എന്ന അയല്‍വാസിയാണ് തന്നോട് സിനിമ ചെയ്യുന്നോ എന്ന് ചോദിക്കുന്നത് എന്നാണ് രാധിക പറയുന്നത്. അപ്പോള്‍ ആം റെഡി എന്ന് പറഞ്ഞതാണ്. ആ സമയത്ത് അഭിനയം എന്താണെന്നോ സിനിമ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു എന്നും രാധിക പറഞ്ഞു.

Leave a Reply