ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വലിയ കോലാഹലങ്ങളാണ് മലയാള സിനിമയിലും മറ്റ് സിനിമ മേഖലകളിലും ഒരേസമയം നടന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയതോതിലുള്ള വെളിപ്പെടുത്തലുകൾ മുതിർന്ന നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പലരും നടത്തിയിരുന്നു. ലൈംഗിക ആരോപണങ്ങൾ, ഷൂട്ടിംഗ് സെറ്റിലെ ഭക്ഷണമടക്കമുള്ള വിവേചനങ്ങൾ, ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ, തൊഴിൽ വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കെല്ലാം വൈകാതെ ചർച്ചകൾ വഴിവെച്ചിരുന്നു.
എന്നാലിപ്പോൾ ഇത്തരം ലൈംഗിക ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുതിർന്ന നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ‘ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ട്.’
എന്നാൽ ഇപ്പോള്‍ പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോർട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം നല്ലയാളെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളെ അഭിനന്ദിച്ച് നടി ഷീലയും രംഗത്തെത്തി. തനിക്ക് സിനിമയിൽ നിന്നും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ തനിക്ക് ചുറ്റുമുള്ള മറ്റുള്ളവർ ഇക്കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് പരസ്പരം പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും നടി പറയുന്നു. ഡബ്ല്യുസിസിയേയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിച്ച ഷീല ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി നിയമിച്ച സർക്കാരിനേയും പ്രശംസിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നടി വ്യക്തമാക്കി.