Spread the love

താന്‍ ജീവിതത്തില്‍ നേരിട്ട് കാണണമെന്ന് ആഗ്രിഹച്ച ഒരേയൊരു നടനാണ് ബേസില്‍ ജോസഫെന്ന് നടി ഷീല. ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ ‘പൊന്‍മാന്‍’ വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡില്‍ മലയാളം വിഭാഗത്തിലെ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ബേസിലിന് കൈമാറി ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

‘ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസില്‍ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിലിനെ അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പടം മുതല്‍ ‘പൊന്‍മാന്‍’വരെ എല്ലാചിത്രങ്ങളും രണ്ടുപ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയില്‍ പൃഥ്വിരാജും ഇങ്ങേരും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാന്‍ രണ്ടുമൂന്നുപ്രാവശ്യംകണ്ടു. ഇനിയും ഒരുപാട് പടങ്ങള്‍ അഭിനയിക്കണം. കുറേ കുറേ പ്രായം ആവുമ്പോള്‍ ഡയറക്ഷന് പോയാല്‍മതി കേട്ടോ’, എന്നായിരുന്നു ഷീലയുടെ വാക്കുകള്‍.

മറുപടി പറഞ്ഞ ബേസില്‍ ഷീലയുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ചു. അവാര്‍ഡ് സ്വീകരിച്ച ശേഷം താന്‍ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ലവാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വീണ്ടും ഇടപെട്ട ഷീല, ‘ ഞാന്‍ ഇതുവരേയും ഒരു നടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാന്‍ ആഗ്രഹിച്ച ഒരാള്‍ ഇങ്ങേരേയുള്ളൂ’, എന്നു കൂട്ടിച്ചേര്‍ത്തു. ഷീല മാമിനെ പോലെ ഒരാള്‍ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടകാര്യമില്ലെന്നും താന്‍ ഭയങ്കര ഹാപ്പിയാണെന്നുമായിരുന്നു ബേസിലിന്റെ മറുപടി.

Leave a Reply