Spread the love

നടി ശിവദ തന്റെ കുടുംബവും കരിയറും ഒന്നിച്ചു കൊണ്ടുപോകുന്ന താരങ്ങളില്‍ ഒരാളാണ്. മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും അരുന്ധതി എന്ന് പേരുള്ള ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം അമ്മയായ നിമിഷങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു.

ശിവദയുടെ വാക്കുകള്‍ ഇങ്ങനെ;

ജീവിതത്തിലെ അമ്മ വേഷവും സ്‌ക്രീനിലെ തിരക്കുകളുമെല്ലാം ആസ്വദിക്കുന്നയാളാണ് താന്‍. സിനിമ തിരക്കുകളില്‍ നിന്നും എല്ലാം മാറി നിന്ന് ആയിരുന്നു അമ്മയാവാന്‍ തയ്യാറെടുത്തത്. താനും ഭര്‍ത്താവ് മുരളിയും ചെന്നൈയില്‍ ആയിരുന്നപ്പോഴാണ് ആ സന്തോഷ വാര്‍ത്ത അറിയുന്നത്. അത് ആസ്വദിച്ച്‌ തീരുന്നതിന് മുമ്പ് ഭര്‍ത്താവിന് വിദേശത്തേക്ക് പോകേണ്ടതായി വന്നു. മൂന്നാം മാസത്തില്‍ വീട്ടിലറിയിക്കാമെന്നായിരുന്നു കരുതിയത്. വീട്ടുകാരെല്ലാം നാട്ടിലായതിനാല്‍ അവരെ ടെന്‍ഷനടിപ്പിക്കേണ്ടെന്നാണ് കരുതിയത്. സിംപിളായിരിക്കും ഇതെന്നായിരുന്നു ഞാന്‍ കരുതിയത്. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മുരളി കൂടെയില്ലാതെ തന്നെ കഴിയുന്നത് നടക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെയായിരുന്നു അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് വിളിച്ചത്

അമ്മമാരുടെ മൂഡ് ഉള്ളിലുള്ള മക്കളെ ബാധിക്കുമെന്ന് മുന്‍പ് കേട്ടിരുന്നു. തുടക്കം മുതല്‍ തന്നെ ഛര്‍ദിയുണ്ടായിരുന്നു. ആ ദിവസങ്ങള്‍ ഓര്‍ക്കാനേ വയ്യ. ഗര്‍ഭകാലത്ത് എല്ലാ മാസവും ഒന്നോ രണ്ടോ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു തരത്തിലും കുഞ്ഞിനെ ബാധിക്കരുത് എന്നാഗ്രഹിച്ചിരുന്നു. അഞ്ചു മാസം മുതല്‍ യോഗ ചെയ്തു. മാനസികപിരിമുറുക്കം കുറയ്ക്കാന്‍ അത് ഏറെ സഹായിച്ചു. സംഭവബഹുലമായ ഒന്‍പത് മാസം കഴിഞ്ഞ് അരുന്ധതിയെ പ്രസവിക്കുന്ന അന്ന് രാവിലെ കൂടി യോഗ ചെയ്തിട്ടാണ് ആശുപത്രിയിലേക്ക് പോയത്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. വേദന തുടങ്ങിയപ്പോള്‍ മുതല്‍ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കുഞ്ഞ് പുറത്തേക്ക് വരാന്‍ തയാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട് നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അതുവരെ എന്റെ സൈഡില്‍ എന്നെ ആശ്വസിപ്പിച്ച്‌ നിന്ന മുരളി വാവയെ കാണാനുള്ള ആവേശത്തിലായി.

മുരളിയുടെ ആ മുഖഭാവങ്ങള്‍ ഇപ്പോഴും എന്റെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. സത്യം പറഞ്ഞാല്‍ മുരളിയുടെ മുഖം കണ്ടാണ് ആ സന്തോഷം ഞാന്‍ അറിയുന്നത്. പൊക്കിള്‍കൊടി പോലും മുറിക്കുന്നതിനു മുന്‍പേ മുരളി കുഞ്ഞിനെ കയ്യില്‍ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയില്‍ ഉമ്മ വച്ചു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. അതുവരെ നമ്മള്‍ ‘മാതൃത്വത്തിന്റെ ഫീല്‍’ എന്നൊക്കെ വായിച്ചിട്ടേയുള്ളൂ. ആ നിമിഷം ഞാന്‍ അത് തിരിച്ചറിഞ്ഞുവെന്നും ശിവദ പറയുന്നു.

Leave a Reply