തന്റെ പേര് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ശ്രിയ ശരൺ. ആരോ ഒരാൾ വാട്സാപ്പിലൂടെ തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നുവെന്നാണ് നടി പറയുന്നത്. ഒരാൾ തന്റെ പേര് ഉപയോഗിച്ച് വിവിധ ആവശ്യങ്ങൾക്കായി സിനിമാ രംഗത്തെ ആളുകളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പറിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ച് ശ്രിയ രംഗത്തെത്തിയത്.
ആൾമാറാട്ടം നടത്തുന്ന വ്യക്തി തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറായി ഉപയോഗിച്ചു കൊണ്ട് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സ്ക്രീൻഷോട്ട് സഹിതം താരം വ്യക്തമാക്കി. താൻ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഈ വ്യാജൻ സമീപിച്ചതായി നടി വെളിപ്പെടുത്തി.
‘‘ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് മെസേജ് അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാൾ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല.
ഒരു നല്ല കാര്യം എന്തെന്നാൽ, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാൻ ആദരിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്. ഇത് വളരെ വിചിത്രമായിരിക്കുന്നു!. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? മറ്റൊരാളായി ആൾമാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ.” ശ്രിയ ശരൺ കുറിച്ചു.







