മലയാള സിനിമയിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശരണ്യ ആനന്ദ്. ചില സെറ്റുകളിൽ ഒറ്റ സീനുകൾ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തതെന്നും താരം പറയുന്നു.
ശരണ്യയുടെ വാക്കുകൾ
ആദ്യഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ വന്ന് കഥ പറയുമ്ബോഴുളള കഥാപാത്രമായിരുന്നില്ല പലപ്പോഴും സെറ്റിൽ പോയപ്പോൾ കിട്ടിയത്. ചില സെറ്റുകളിൽ ഒറ്റ സീനുകൾ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തത്. പക്ഷേ അപ്പോഴും സിനിമയോടുളള ആത്മാർത്ഥ കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂർത്തിയാക്കി കൊടുത്തു. എല്ലാവരും സിനിമയിലേക്ക് ചെല്ലുന്നത് നല്ലൊരു കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവുമായിട്ടാണ്. എന്നാൽ സെറ്റിൽ ചെല്ലുമ്ബോൾ പൊളളയായ കഥാപാത്രമാണ് നമ്മൾ ചെയ്യേണ്ടത് എന്നറിയുമ്ബോൾ വല്ലാത്ത നിരാശ തോന്നും. അത് സിനിമയിലേക്ക് പുതുതായി വരുന്ന ഒരുപാട് ആൾക്കാരെ നിരാശരാക്കും. ആരെയും വിളിച്ചുവരുത്തി അങ്ങനെ അപമാനിക്കരുത്. എനിക്ക് തുടക്കകാലത്ത് അത്തരം അനുഭവങ്ങൾ ഒരുപാട് സിനിമകളിൽ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളുടെ പേര് ഞാൻ പറയുന്നില്ല. തിയറ്ററിൽ നിന്നും അവ കാണുമ്ബോൾ ഞാൻ വേദനിച്ചിട്ടുണ്ട്. ആര് വിളിച്ചാലും ഇപ്പോൾ ഞാൻ നോ പറയേണ്ട സ്ഥലത്ത് നോ പറയും. നല്ല കാരക്ടർ റോളുകൾ മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.