Spread the love

സ്വപ്നം പോലെ സങ്കല്‍പ്പങ്ങള്‍ക്കും യാഥാർഥ്യങ്ങള്‍ക്കും അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീ രൂപം അതായിരുന്നു പ്രശസ്ത നടി ശ്രീദേവി. ഇക്കാരണം കൊണ്ടാകാം ആരാധക ലോകം താരത്തെ ആലങ്കാരിമായി സ്വപ്നസുന്ദരി എന്നായിരുന്നു മുൻകാലങ്ങളിൽ വിളിച്ചിരുന്നത്. മലയാളത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ തുടങ്ങി ബോളിവുഡ് ബിഗ്ബജറ്റ് സിനിമകളിൽ വരെ എത്തിനിന്ന സൗന്ദര്യ സാന്നിധ്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി… എന്നുതുടങ്ങി മിക്ക ഭാഷകളിലും ഒരു പോലെ തിളങ്ങി നിന്ന നടി ഒരു സമയത്ത് ഭ്രാന്തമായ ഒരു തരം വികാരം തന്നെയായിരുന്നു. ഇപ്പോഴിതാ നടിയുമായി ബന്ധപ്പെടുത്തി സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി സംവിധായകന്‍ പങ്കജ് പരാശര്‍.

രാം ഗോപാല്‍ വര്‍മ ശരീരഭാരം കുറയ്ക്കാനായി ശ്രീദേവിയെ നിരന്തരം നിര്‍ബന്ധിച്ചതിന്റെ ഫലമായി അവർ ഡയറ്റ് തുടങ്ങിയെന്നും പിന്നാലെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധംകെട്ടുവീണുവെന്നും വീഴ്ചയിൽ സാരമായ പരിക്കേറ്റെന്നുമാണ് പങ്കജ് പറഞ്ഞത്. തന്റെ ‘മേരി ബിവി കാ ജവാബ് നഹിന്‍’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകിയതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പങ്കജ് പരാശറിന്റെ വാക്കുകൾ

‘സിനിമ നന്നായി മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ എന്റെ സുഹൃത്ത് രാം ഗോപാല്‍ വര്‍മ, ഞാന്‍ അദ്ദേഹത്തെ അതിന് കുറ്റപ്പെടുത്തും. അദ്ദേഹം ശ്രീദേവിയോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അവര്‍ ഒരു ക്രാഷ് ഡയറ്റ് തുടങ്ങി. തുടര്‍ന്ന് അവര്‍ ഉപ്പ് കഴിക്കുന്നത് നിര്‍ത്തി, രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധംകെട്ടുവീണു. ബോധംകെട്ട് മേശയില്‍ ഇടിച്ചുവീണ അവര്‍ 20 മിനിറ്റോളം അബോധാവസ്ഥയിലായിരുന്നു. അവര്‍ക്ക് ഒരു പല്ല് നഷ്ടപ്പെട്ടു. ഞങ്ങളുടെ ഒരു ഷെഡ്യൂള്‍ ഷൂട്ടിങ് മുടങ്ങി’- പങ്കജ് പറഞ്ഞു.

‘മുഖത്ത് പരിക്കേറ്റതിനാല്‍ ശ്രീദേവിക്ക് ഒരു ഇടവേള എടുക്കേണ്ടിവന്നു. സിനിമയുടെ ഷെഡ്യൂള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. സിനിമയുടെ ഗതി തന്നെ തെറ്റി. പണം മുടക്കിയയാള്‍ പിന്മാറി, നിര്‍മാതാവ് മരിച്ചു. ഇക്കാരണങ്ങള്‍കൊണ്ട് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply