Spread the love

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള താരത്തിന്റെ വിവാഹം ഈയടുത്താണ് നടന്നത്. തന്റെ മിക്ക വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള ശ്രീവിദ്യ വിവാഹം കഴിഞ്ഞ് വളരെ കുറച്ചായിട്ടുള്ളുവെങ്കിലും തങ്ങൾ വേര്‍പിരിഞ്ഞ് ഇരിക്കുവാണെന്നും കാരണം ഇരുവരുടെയും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണിതെന്നും വ്യക്തമാക്കിയിരുന്നു.

രണ്ടു പേരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നെന്നും തങ്ങളുടെ ഹണിമൂണ്‍ പിരീഡായത് കൊണ്ടു തന്നെ ഈ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. എന്നാൽ പ്രസ്തുത വീഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ആണ് ആരാധകരെ ചൊടിപ്പിച്ചത്. ‘‘ഞാനും നന്ദുവും ഇപ്പോൾ ഒന്നിച്ചല്ല” എന്നായിരുന്നു നൽകിയ ക്യാപ്ഷൻ. എന്തായാലും സംഗതി വിവാദമായതോടെ ക്യാപ്ഷൻ നൽകിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീവിദ്യയും ഭർത്താവ് രാഹുൽ രാമചന്ദ്രനും.

‘‘എങ്ങനെ തുടങ്ങണമെന്ന് അറിയില്ല. ഇത്രയും ആളുകൾ എന്നെ റോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഇതിനിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ വിവാഹം ഉൾപ്പടെ ‘വിവാദ കല്യാണം’ ആക്കി മാറ്റിയവരുണ്ട്. അതുവരെ വിവാദ വിവാഹം എന്നു വിശേഷിപ്പിച്ച് എന്നെ വച്ച് കണ്ടന്റ് ഉണ്ടാക്കിയവരുണ്ട്. എന്നെ റോസ്റ്റ് ചെയ്യുന്ന റിയാക്‌ഷൻ വിഡിയോ കാണാറില്ല.ഇതില്‍ ഒരാള് പോലും എന്താണ് വിഷയമെന്ന് എന്നെ വിളിച്ച് ചോദിച്ചിട്ടില്ല. അത് മാത്രമല്ല രണ്ട് പേർ തമ്മിലുള്ള വിഷയമാണ് അവിടെ നടന്നതെങ്കിൽ ഇതൊന്നുമറിയാത്ത മൂന്നാമത്തെ ആൾ വന്നെന്തിനാണ് അവിടെ അഭിപ്രായം പറയുന്നത്. അതെനിക്ക് വ്യക്തിപരമായി താൽപര്യമില്ല.

തമ്പ് നെയ്ൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കൊടുത്തുവെന്നു പറയുന്നു. അതല്ലാതെ വേറെന്ത് ക്യാപ്ഷൻ ആയിരുന്നു ഇടേണ്ടിയിരുന്നത്. ഞങ്ങൾ അടിച്ചു പിരിഞ്ഞു എന്നാണെങ്കിൽ ഇതിലും വലിയ തമ്പ് നെയ്ൽ ചെയ്യാൻ എനിക്കു വേറെ ടീം തന്നെ ഉണ്ടായിരുന്നു.

പത്ത് മുന്നൂറോളം ആളുകൾ ചാനൽ അൺസസ്ക്രൈബും ചെയ്തുപോയിട്ടുണ്ട്. അതിൽ വിഷമമില്ല. നമ്മുടെ കൂടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും കുടുംബം പോലെ കൂടെ നിൽക്കുന്ന സബ്സ്ക്രൈബേഴ്സ് ഉണ്ട്. അവർ പോകത്തില്ലെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളിനി ഈ വിഷയത്തിൽ എത്ര ചീത്ത പറഞ്ഞാലും ഞാൻ പ്രതികരിക്കാൻ പോകുന്നില്ല. ‘പറ്റിക്കുക, ഉളുപ്പില്ലേ’ എന്നൊക്കെയാണ് ചോദിക്കുന്നത്. ചുമ്മാ അങ്ങനെയൊന്നും ചോദിക്കരുത്. ഞങ്ങൾ ആരുടെ കമന്റും നീക്കം ചെയ്യില്ല. ഇനി നിങ്ങൾക്ക് ആ വിഡിയോ കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’’–ശ്രീവിദ്യയുടെ വാക്കുകൾ.

‘‘ഞാനും നന്ദുവും ഇപ്പോൾ ഒന്നിച്ചല്ലെന്ന വിഡിയോ പോസ്റ്റ് ചെയ്യുന്നതിനു മുമ്പേ ചിന്നു എന്നോട് ചോദിച്ചിരുന്നു. അപ്പോൾ ഞാനും പറഞ്ഞു, അതിലൊരു തെറ്റുമില്ലെന്ന്. കാരണം കഴിഞ്ഞ ഒന്നര മാസമായി ഞങ്ങൾ ഒന്നിച്ചല്ലായിരുന്നു. ഞാൻ തിരുവനന്തപുരത്തും ഇവൾ കാസർഗോഡുമായിരുന്നു. മാത്രമല്ല ചിന്നുവിന്റെ അമ്മയും എന്റ അമ്മയുമൊക്കെ ഈ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് കണ്ടിരുന്നു. അല്ലാതെ ഇവളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇതൊക്കെ ചെയ്യുന്നത്. കൂടാതെ ആ വിഡിയോയുടെ ഒന്നാമത്തെ മിനിറ്റില്‍ തന്നെ അതു പറയുന്നുമുണ്ട്.

ഇപ്പോൾ ഈ റോസ്റ്റ് ചെയ്യുന്ന ആള് തന്നെ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയ്ൽ ചെയ്താണ് വിഡിയോ അപ്‍ലോഡ് ചെയ്യുന്നത്. ആദ്യം സ്വയം നന്നാകുക, എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ ഇറങ്ങുക. ഞങ്ങളെ ഉപയോഗിച്ച് അദ്ദേഹത്തിന് കിട്ടിയ കാഴ്ചക്കാർ ഒരു ലക്ഷം പേരാണ്. ഞങ്ങൾക്കുപോലും അത്രയുമില്ല. ഇവിടെ ആരെയാണ് പറ്റിക്കുന്നതെന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ.

ഇതൊന്നും മനസ്സിലാക്കാതെ നെഗറ്റിവ് കമന്റ് ചെയ്യുന്നവരുണ്ട്. നിങ്ങൾ നശിച്ചുപോകട്ടെ, ഡിവോഴ്സ് ആയി പോകട്ടെഎന്നു പറഞ്ഞവരുണ്ട്. ഏഴെട്ടുകൊല്ലമായി ഞങ്ങൾ ഒരുമിച്ചുണ്ട്. എന്റെ അറിവിൽ ഞങ്ങൾ അങ്ങനെ പിരിഞ്ഞുപോകുമെന്ന് തോന്നുന്നില്ല. അതൊരു ബോണ്ട് ആയി അവിടെ കിടന്നുകൊള്ളും. നിങ്ങൾ വന്ന് പ്രാകുന്നതിലൂടെ നിങ്ങളുടെ എനർജി തന്നെ അനാവശ്യമായി കളയുകയാണ്. വിഡിയോ കണ്ടിട്ടുപോലുമാകില്ല, ഇങ്ങനെ മോശം പറയുന്നത്. റിയാക്‌ഷന്‍ വിഡിയോ കണ്ടുവന്നിട്ട് ചീത്ത പറയുന്നവരുമുണ്ട്.

ഇതിൽ ആരാണ് ആരെ വിൽക്കുന്നതെന്ന് നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ. നമ്മുടെ കണ്ടന്റ് എടുത്തുകൊണ്ടുപോയി നമ്മളെ കുറ്റം പറഞ്ഞ് കാഴ്ചക്കാരെ കൂട്ടുന്നവരാണ് അവർ. ഇന്നലെ അധികം പ്രശ്നങ്ങളൊന്നും കേരളത്തിൽ ഉണ്ടായിട്ടുകാണില്ല. അങ്ങനെ തപ്പി നടന്നപ്പോൾ കണ്ടതാണ് നമ്മുടെ വിഡിയോ.’’–രാഹുല്‍ രാമചന്ദ്രൻ പറഞ്ഞു.

Leave a Reply