ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായികയായി തൻവി റാം. ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’ എന്ന ചിത്രത്തിൽ കാരട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ കഥാപാത്രമായാണ് തൻവി വേഷമിടുക. ധ്യാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ഈ കഥാപാത്രം എന്നും തൻവി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവർത്തിച്ച മാക്സ് വെൽ ജോസ് ആണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തൻവി വ്യക്തമാക്കി. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
അമ്പിളി എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ തൻവി കപ്പേള എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത്രത്തിൽ വേഷമിടുന്നത്. സ്‌കൂളിൽ വെച്ച് ഇവരെ കൂട്ടുകാർ ദാസനും വിജയനുമെന്ന പേരു വിളിക്കുന്നതോടെ ഇവർ വലിയ ചങ്ങാതിമാരായി.
ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവർ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ നോട്ടു നിരോധനം, ഓഖി ദുരന്തം, പ്രളയം, കൊറോണ തുടങ്ങിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.