തമിഴ്നാട്ടില്‍ ഖുശ്ബു ചെയ്തത് തെലങ്കാനയില്‍ ആവര്‍ത്തിച്ച് നടി വിജയശാന്തി. വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. നാളെ വിജയശാന്തി ബിജെപിയില്‍ ചേരുമെന്നാണ് വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി.
ഡല്‍ഹിയില്‍ പ്രത്യേക ചടങ്ങില്‍ ആയിരിക്കും വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ആഭ്യന്തരമന്ത്രി അമിത്ഷാ യുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ എത്തിയ വിജയശാന്തി 1997ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. തെലങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്ന് 2005ലാണ് ഇവര്‍ ബിജെപി വിട്ടത്.
തുടര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച വിജയശാന്തി ഈ പാര്‍ട്ടിയെ ടിആര്‍എസുമായി ലയിപ്പിച്ചു. 2009 ലെ തെരഞ്ഞെടുപ്പില്‍ മേദക് മണ്ഡലത്തില്‍ ടിആര്‍എസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇവര്‍ ലോക്സഭയിലേക്കെത്തുകയും ചെയ്തു. പിന്നീടാണ് വിജയശാന്തി ടിആര്‍എസ് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തിയത്.