Spread the love

സിനിമാ സെറ്റില്‍ വച്ച് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്റെ പേര് പുറത്തായതിനെതിരെ പരാതിക്കാരിയായ നടി വിന്‍സി അലോഷ്യസ്. പേര് പുറത്തുവിട്ടത് വളരെ മോശമായിപ്പോയി എന്ന് നടി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. ഞാനും സിനിമാ ഫാമിലിയില്‍ ഉള്ള വ്യക്തയല്ലേ എന്ന് ചോദിച്ച ആളാണ് നടന്റെ പേര് പുറത്തുവിട്ടിരിക്കുന്നതെന്ന് മനസിലാക്കുന്നുവെന്നും വിന്‍സി പറഞ്ഞു.

സിനിമാ സെറ്റില്‍ ഒരു നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്ന് വിന്‍സി കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി പരസ്യമാക്കിയത്. എന്നാല്‍ നടന്റെ പേരോ, ഏത് സിനിമാ സെറ്റില്‍ വച്ചാണ് സംഭവം എന്നോ നടി പറഞ്ഞിരുന്നില്ല. ആ സിനിമയെയും അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും ബാധിക്കില്ലേ എന്നോര്‍ത്താണ് നടന്റെ പേര് പരസ്യമാക്കാതിരുന്നതെന്നും വിന്‍സി പറഞ്ഞു.

വിശ്വാസമില്ലായ്മയാണ് പേര് ലീക്ക് ചെയ്തവര്‍ ചെയ്തിരിക്കുന്നത്. വ്യക്തിയുടെ പേര് പുറത്തായതാല്‍ മാധ്യമങ്ങള്‍ ശരിയാക്കിയെടുക്കും. അതിനപ്പുറം സിനിമയുടെ ഭാവി തകരില്ലേ. നല്ല രീതിയില്‍ തന്നെ ട്രീറ്റ് ചെയ്തവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

ഊഹിക്കുന്നവര്‍ ഊഹിക്കട്ടെ. പേര് പുറത്തുവരുന്നതോടെ സിനിമകളെ ബാധിക്കും. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താന്‍ പരാതി കൊടുത്ത ഫിലിം ചേമ്പറും എത്രത്തോളമാണ് സിനിമയുടെ അവസ്ഥയെ മനസിലാക്കിയത് എന്നതില്‍ എനിക്ക് സംശയമുണ്ട്. അഞ്ച് വര്‍ഷം മാത്രം പരിചയമുള്ള തന്റെ ബോധം പോലും ഈ പേര് ലീക്ക് ചെയ്തവര്‍ക്കില്ലേ എന്നാണ് ചോദിക്കാനുള്ളത്.ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതാണ്. പക്ഷേ, ഇയാളെ വച്ച് എടുത്ത സിനിമയില്‍ നിരവധി പേരുണ്ട്. അവരെ പരിഗണിക്കാതെ ചെയ്ത മോശം നടപടിയാണ് പേര് പുറത്തുവിട്ടവര്‍ ചെയ്തത്. സ്വകാര്യത നഷ്ടപ്പെടുത്തിയത് വലിയ മോശമായിപ്പോയി എന്നും വിശ്വസിച്ച് നല്‍കിയ പരാതിയുടെ വിവരങ്ങളാണ് പുറത്തായതെന്നും വിന്‍സി പറഞ്ഞു.

വ്യക്തിയുടെ പേര് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഞാനും പ്രൊഡ്യൂസറല്ലേ, സിനിമാ കുടുംബത്തിലെ അംഗമല്ലേ, അങ്ങനെ ചെയ്യോ എന്ന് ചോദിച്ച വ്യക്തിയാണ് എന്റെ അറിവില്‍ പേര് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയ പരാതിയില്‍ നീതി കിട്ടിയില്ലെങ്കില്‍ പോലീസിനെ സമീപിക്കുമോ എന്ന ചോദ്യത്തിന് ഒരാളെയും സമീപിക്കില്ല എന്നായിരുന്നു വിന്‍സിയുടെ മറുപടി.

നടപടികള്‍ എടുക്കുന്നവര്‍ എടുക്കട്ടേ, എന്റെ നിലപാടില്‍ ഞാന്‍ മുന്നോട്ട് പോകും. ഇനി മോശം കാര്യങ്ങള്‍ സംഭവിച്ചാല്‍ പോലും ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുക എന്നല്ലാതെ പരാതിക്കോ എംപവര്‍മെന്റിനോ ഇല്ല. എംപവര്‍മെന്റൊക്കെ കഴിഞ്ഞു. അനുഭവമുള്ളവര്‍ ഒറ്റയ്ക്ക് നിലപാട് എടുക്കട്ടെ. പരാതിയിലെ വാക്കുകള്‍ പോലും പുറത്തുവന്നിരിക്കുകയാണ്. ആരെയാണ് വിശ്വസിക്കേണ്ടത് എന്ന അവസ്ഥയിലാണ് ഞാനുള്ളത് എന്നും വിന്‍സി പറഞ്ഞു.

ആരാണ് പരാതി പുറത്തുവിട്ടത് എന്ന് വ്യക്തമായും അറിയില്ല. ഇക്കാര്യം അറിഞ്ഞ ശേഷം പുറത്തുവിട്ടവരില്‍ നിന്ന് പരാതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും വിന്‍സി പറഞ്ഞു. അതേസമയം, സംഭവത്തില്‍ വിന്‍സിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമായി പിന്തുണ അറിയിക്കുന്നവരുണ്ട്. വിന്‍സിയെ മോശമായി ചിത്രീകരിച്ചുള്ള കമന്റുകളും സോഷ്യല്‍ മീഡിയയിലുണ്ട്.

പരാതിയുമായി മുന്നോട്ട് പോകണമെങ്കില്‍ ഒറ്റയ്ക്ക് പോകും. ഇവരുടെ സഹായം ആവശ്യമില്ല. ഒറ്റയ്ക്ക് മുന്നോട്ട് വന്നതുകൊണ്ടല്ലേ വീഡിയോ ഇട്ടത്. അനാവശ്യമായ സഹായം ചോദിച്ചതു കൊണ്ടാണ് ഇപ്പോള്‍ വിഷമിക്കേണ്ടി വന്നത്. ഈ സിനിമക്ക് മാത്രമല്ല, അദ്ദേഹത്തെ വച്ച് എടുത്ത മറ്റു സിനിമകള്‍ക്കും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തിലാണ് ആശങ്കയെന്നും വിന്‍സി പറഞ്ഞു.

Leave a Reply