നടി അനശ്വര രാജനെതിരായ സെെബര്‍ ആക്രമണം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വരയുടെ വസ്ത്രത്തിന്റെ ഇറക്കമായിരുന്നു സെെബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ യുവനടി അപര്‍ണ ബാലമുരളിയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഷോര്‍ട്ട്സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണില്ലേയെന്നാണ് അപര്‍ണ ചോദിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലെെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം.
ഒരാള്‍ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക. ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. ഷോര്‍ട്സ് ഇട്ടാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ? സാരി ഒരു പരമ്ബരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്ബോള്‍ എന്തൊക്കെ കാണുന്നുണ്ട് അപര്‍ണ ചോദിക്കുന്നു.
ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് അപര്‍ണ പറയുന്നു. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്നുകള്‍ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണെന്നും അപര്‍ണ പറയുന്നു.
നമ്മളൊക്ക മനുഷ്യരാണ്. ആരും പെര്‍ഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അപര്‍ണ അഭിപ്രായപ്പെടുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകള്‍ ഞാന്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മള്‍ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകുമെന്നും അപര്‍ണ പറഞ്ഞു.