Spread the love

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവ താരമാണ് സീമ ജി നായർ.വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലെ കല്യാണിയെന്ന കഥാപാത്രത്തിന് ആരാധകർ നിരവധിയാണ്.തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തിൽ തനിക്കില്ലെന്നും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സീമ ജി നായർ.

വാക്കുകൾ ഇങ്ങനെ,

കൈലിയും ബ്ലൗസുമിട്ടാൽ ഏറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവർക്കും തോന്നിക്കാണും. അതുകൊണ്ടാവും ഒരുപാട് സിനിമകളിൽ തുടർച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയത്. ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാൻഡ് അംബാസഡർ, പാവപ്പെട്ടവരുടെ റാണിമുഖർജി എന്നൊക്കെ എന്നെ പലരും വിളിക്കാൻ തുടങ്ങി. ഈ രീതിയിൽ ആദ്യമൊക്കെ കുറെ പടങ്ങൾ ചെയ്തിരുന്നു. ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തും തരും.

പിന്നെ പിന്നെ ഞാൻ തന്നെ പറയാൻ തുടങ്ങി, എനിക്കിനി കൈലിയും ബ്ലൗസും പറ്റത്തില്ല, ഞാൻ വേണേൽ നൈറ്റിയോ കോട്ടൺ സാരിയോ ഉടുക്കാം എന്ന്. ഇങ്ങനെ വേഷം മാറ്റാൻ ആവശ്യപ്പെടുന്നതും ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ്. കൊല്ലത്തെ ഒരു കടപ്പുറത്തായിരുന്നു ആ ലൊക്കേഷൻ. അവിടെ ഷൂട്ടിന് ചെന്നപ്പോൾ എനിക്കൊരു കൈലിയും ബ്ലൗസും കറുത്ത ചരടും എടുത്തു തന്നു. ഞാനത് ഉടുത്തു. അതുകഴിഞ്ഞ് ഞങ്ങളെ അവിടെയൊരു വീട്ടിൽ കൊണ്ടുപോയി ഇരുത്തി. പാവപ്പെട്ടവരുടെ വീടാണ്. ഞാൻ ആ വീട്ടിലുള്ള സ്ത്രീകളെയൊക്കെ സൂക്ഷിച്ചു നോക്കി. നോക്കുമ്പോൾ അവരുടെ കഴുത്തിലൊക്കെ വലിയ സ്വർണമാലകൾ, കൈയിൽ വള, കാതിൽ കമ്മൽ…ദേഹത്ത് മൊത്തം ഒരു ആഭരണശാല.

ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാൻ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്. അതോടെ എനിക്ക് മനസ്സിലായി. പാവപ്പെട്ടവർ എന്നാൽ കൈലി തന്നെ ഉടുക്കണമെന്നില്ലല്ലോ എന്ന്. അതൊക്കെ സിനിമയുടെ മാത്രം സങ്കൽപങ്ങളല്ലേ. അതിനു ശേഷം ഇത്തരം കഥാപാത്രങ്ങൾക്കു വേണ്ടി വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്. എത്ര പാവപ്പെട്ടവരുടെ വേഷം വേണമെങ്കിലും ഞാൻ ചെയ്യാം പക്ഷേ കൈലിയും ബ്ലൗസും പറ്റത്തില്ലെന്ന്. ആ നിലപാടു കൊണ്ട് പാവപ്പെട്ടവരുടെ കൈലിയും മുണ്ടും സിനിമയിൽ നിന്ന് അപ്രത്യക്ഷമായി.

Leave a Reply