വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ നൽകണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് ഹർജിയിൽ പറയുന്നു. വിഴിഞ്ഞത്ത് പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിർമ്മാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ കോടതിയുടെ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കാൻ സർക്കാരിനായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. സുരക്ഷ ഒരുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് കമ്പനി കോടതിയിൽ നിലപാടറിയിച്ചത്.