ചെന്നൈ∙ രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായതായി ഐഎസ്ആർഒ. സെപ്റ്റംബർ അഞ്ചിനാണ് അടുത്തഘട്ടം. പേടകം പ്രവർത്തനക്ഷമമെന്നും ഐസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഏകദേശം 1480.7 കിലോഗ്രാം ഭാരമുള്ള ആദിത്യ 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും.
മൊത്തം അഞ്ചു തവണയായി ഭ്രമണപഥം ഉയർത്തിയശേഷം സൂര്യനോട് ഏറ്റവും അടുത്തുള്ളതായി കണക്കാക്കപ്പെടുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലേക്കു നീങ്ങും. ഇതിനായും പ്രത്യേക ജ്വലന പ്രക്രിയകൾ നടത്തും. ഭ്രമണപഥത്തിലെത്തിയ ശേഷം 5 വർഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ചു പഠിക്കും. ഗ്രൗണ്ട് സ്റ്റേഷനിലേക്കു പ്രതിദിനം 1440 ചിത്രങ്ങളാകും അയയ്ക്കുക.ഇനിയുള്ള 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക.
ശനിയാഴ്ച പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽനിന്നുയർന്ന പിഎസ്എൽവി 63.33 മിനിറ്റ് കൊണ്ട് ആദിത്യയെ 235 X 19,500 കിലോമീറ്റർ പരിധിയിലുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു. ലക്ഷ്യമിട്ടതിൽനിന്നു കഷ്ടിച്ച് 0.006 ഡിഗ്രി മാത്രമേ വ്യത്യാസം വന്നുള്ളൂ എന്നത് റോക്കറ്റിന്റെ മികവാണു തെളിയിക്കുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.