Spread the love


ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവിട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ


തിരുവനന്തപുരം : പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
അടുത്ത ബുധനാഴ്ച കാലാവധി തീരുന്ന 493 റാങ്ക് പട്ടികകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എൽജിഎസിലാണ്. 3 വർഷമാണ് ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി. അതനുസരിച്ച് എൽജിഎസ് പട്ടികയുടെ കാലാവധി തീരുന്നത് ജൂൺ 29ന് ആയിരുന്നു.
കോവിഡ് കാലത്തു നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ‌ പ്രതിഷേധം ഉയർത്തിയതോടെയാണ് ഇതുൾപ്പെടെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് 493 പട്ടികകളുടെ കാലാവധി 6 മാസം നീട്ടാൻ തീരുമാനിച്ചത്. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നുണ്ടെങ്കിൽ കുറഞ്ഞത് 3 മാസത്തേക്കായിരിക്കണമെന്നാണു പിഎസ്‌സി ചട്ടം. എൽജിഎസ് പട്ടികയുടെ കാര്യത്തിൽ ഫലത്തിൽ 36 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്. ഇതു ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്. സമാന സാഹചര്യം നേരിടുന്ന വനിതാ പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ഹർജിയും ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു വൻ പ്രതിസന്ധി സൃഷ്ടിച്ച സമരമാണ് എൽജിഎസ് പട്ടികയിലുൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയത്. 36 ദിവസം നീണ്ട സമരം കൂടുതൽ നിയമനം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നരോപിച്ച് ഉദ്യോഗാർഥികൾ 5 ദിവസം മുൻപ് വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചു. 6,984 പേർക്കു ശുപാർശ നൽകിയതിൽ 486 ഒഴിവുകളിൽ കൂടി നിയമനം നടക്കാനുണ്ടെന്നാണു പിഎസ്‌സി പറയുന്നത്.എന്നാൽ
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പിഎസ്‌സി അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.ഒരു റാങ്ക് പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക, നിയമ തടസ്സങ്ങളുണ്ടെന്നാണു പിഎസ്സിയുടെ വാദം.

Leave a Reply