Spread the love
പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രം പ്രവേശനം: കർശന നടപടികളുമായി കർണാടകം

ഒമൈക്രോൺ ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകൾ കൂടിചേരാൻ സാധ്യതയുള്ള എല്ലാ പൊതുയോ​ഗങ്ങളും തത്കാലത്തേക്ക് സർക്കാർ വിലക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണമേ‍ർപ്പെടുത്തി.
മാളുകൾ, തീയേറ്ററുകൾ എന്നിവടങ്ങളിലും കർശ നിയന്ത്രണം ഏർപ്പെടുത്തി. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് വ്യാപക പരിശോധന നടത്താനും ഉദ്യോ​ഗസ്ഥർക്ക് നിർദേശം ലഭിച്ചു. മുൻകരുതൽ നടപടികളുടെ ഭാ​ഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക കൊവിഡ് സെന്ററുകൾ തുറന്നിട്ടുണ്ട്. കൊവിഡ് പോസീറ്റീവാകുന്ന എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കാനും നിർദേശമുണ്ട്.
അതേസമയം, ബെംഗളൂരു നഗരത്തിലും കർശന നിയന്ത്രണമേർപ്പെടുത്തി. കൊവിഡില്ലാ സർട്ടിഫിക്കറ്റില്ലാത്തവർക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ കഴിഞ്ഞമാസം യുകെയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളവും ഒമൈക്രോൺ ഭീഷണിയിലാണ്. ഇയാളുടെ സാമ്പിൾ ജനതികശ്രേണീ പരിശോധനയ്ക്കയച്ചു. നാല് ജില്ലകളിലുള്ളവരുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply