Spread the love
️കെഎസ്ആര്‍ടിസി ബസിൽ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ല: ഹൈക്കോടതി

കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾക്കുള്ള വിലക്കിൽ കെഎസ്ആർടിസിയുടെ നിലപാട് കേൾക്കാൻ ഹൈക്കോടതി. ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിൽ കെഎസ്ആർടിസിയെ കക്ഷിയാക്കുകയും ചെയ്തു.

കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി നാളെ ഉച്ചയ്ക്ക് രണ്ടിന് വീണ്ടും പരിഗണിക്കും.

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞിരുന്നു.

Leave a Reply