ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരംവരെയാക്കുന്നകാര്യവും ആലോചനയിലുണ്ട്.
കിൻഡർ ഗാർഡൻ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനുള്ള വിശദമായ മാർഗരേഖ ഈയാഴ്ച അവസാനം പുറത്തിറക്കും.വൈകുന്നേരംവരെയാക്കിയ ഹയർ സെക്കൻഡറി ക്ലാസുകളിൽ വിദ്യാർഥികളുടെ ഹാജർ കൂടിവരുന്നുണ്ട്. സ്വകാര്യ സ്കൂളുകൾ തുറക്കാതിരിക്കുകയും വിദ്യാർഥികളിൽനിന്നും ഫീസ് ഈടാക്കുകയും ചെയ്യുന്നതുസംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു