മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ബത്ലഹേമുമെല്ലാം സിനിമാപ്രേമികളുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന പേരുകളാണ്. 1998ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ളാസിക്കാണ്. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ- റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സിയാദ് കോക്കർ ആണ് ചിത്രത്തിന്റെ നിർമാണ്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
കേരളത്തിൽ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകൾ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർ ഇൻ ബത്‌ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും ചിത്രം വീണ്ടും തിയേറ്ററിൽ കാണാം എന്നതാണ് റീ- റിലീസ് സമ്മാനിക്കുന്ന കൗതുകം.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്.









