Spread the love

ആലപ്പുഴ∙ കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ കു‍ഞ്ഞിനെ കൊടുത്തു വിട്ടു. യുവതിയുടെ വീടിന് 60 കിലോമീറ്റർ അകലെ അമ്പലപ്പുഴ തകഴി പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്ന് തോമസ് ജോസഫും സുഹൃത്തും കുഞ്ഞിനെ മറവ് ചെയ്തു.

കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22) പെൺകുഞ്ഞിന് ജൻമം നൽകിയത്. ഡോണ ആൺ സുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫിൽ (24) നിന്നുമാണ് ഗർഭിണിയായത്. രാജസ്ഥാനിലെ പഠനകാലത്താണ് ഡോണയും തോമസ് ജോസഫും പ്രണയത്തിലായത്. അവിടെ ഒരു സ്ഥാപനത്തിൽ ഫൊറൻസിക് സയൻസ് ബിരുദ വിദ്യാർഥിയായിരുന്നു ഡോണ. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു തോമസ് ജോസഫ്.

ഡോണ തിരുവനന്തപുരത്ത് ജോലി പരിശീലനം നടത്തിയപ്പോഴും പ്രണയം തുടർന്നു. ഗർഭിണിയാണെന്ന വിവരം ഡോണയുടെ വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രസവത്തിനു ദിവസങ്ങൾക്കു മുൻപ് വരെ യാത്രകളിലും പൊതുസ്ഥലത്തുമെല്ലാം ഡോണ സജീവമായിരുന്നു. വയറോ പ്രത്യക്ഷമായ മാറ്റങ്ങളോ ഉണ്ടായിരുന്നില്ല. ആരോരുമറിയാതെ ആയിരുന്നു പ്രസവവും. കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടില്ല. പൊക്കിൾ കൊടി മുറിക്കൽ ഉൾപ്പെടെ ശുശ്രൂഷകൾ ഡോണ സ്വന്തമായാണ് ചെയ്തത്. പിന്നീടാണ് കുഞ്ഞിനെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയുമായി വച്ചത്.

ഡോണ അറിയച്ചത് അനുസരിച്ച് 7ന് അർധരാത്രിയോടെ തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കുഞ്ഞിനെ കൊണ്ടുപോയി തകഴിയിൽ പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്നു മറവ് ചെയ്തു. ഇരുവരും ബൈക്കിലായിരുന്നെന്നാണ് വിവരം. പോളിത്തീൻ കവറിലാണ് കുഞ്ഞിനെ കൊടുത്തുവിട്ടത്. സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം വയറുവേദന കലശലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രസവ വിവരം ഡോണയുടെ വീട്ടുകാർ പോലും അറിയുന്നത്. ആശുപത്രി അധികൃതർ സംഭവം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനായ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്കു വിവരം അറിയിച്ചതോടെയാണ് കുറ്റകൃത്യം പുറംലോകമറിയുന്നത്.

∙ അമ്മത്തൊ‌ട്ടിലിൽ തേ‌ടി പൊലീസ്  ‌

പൂച്ചാക്കൽ പൊലീസ് ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ നൽകാനായി കുഞ്ഞിനെ ആൺസുഹൃത്ത് തോമസ് ജോസഫിനു കൈമാറിയെന്നു ഡോണ പറഞ്ഞു. ഇതോടെ ആലപ്പുഴയിലെ അടക്കം അമ്മത്തൊട്ടിലിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തോമസ് ജോസഫിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ തകഴിയിൽ മറവ് ചെയ്തെന്ന വിവരം വരുന്നത്. ഇതോടെ തോമസ് ജോസഫിനെയും അശോക് ജോസഫിനെയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിന്റെ മ‍ൃതദേഹം കണ്ടെത്തി.

∙ മൊഴികളിൽ വൈരുദ്ധ്യം 

അമ്മത്തൊട്ടിലിൽ നൽകാനാണ് കുഞ്ഞിനെ തോമസ് ജോസഫിന് കൈമാറിയതെന്നാണ് ഡോണയുടെ മൊഴി. ജനിച്ചശേഷം കുഞ്ഞ് ഒരിക്കൽ കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മരിച്ചു പോയിരിക്കാമെന്നും ഡോണ പറഞ്ഞു. മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലിൽ നൽകാൻ പറഞ്ഞതെന്ന് പൊലീസ് ആരാഞ്ഞു. പ്രസവിച്ച ഉടനെ തനിക്ക് ബോധം പോയെന്നും ഏറെ നേരത്തിനു ശേഷമാണ് ബോധം വന്നതെന്നും ഡോണ പറഞ്ഞതായാണ് വിവരം. ഡോണ കുഞ്ഞിനെ കൈമാറിയപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന മൊഴിയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കൊടുത്തിരിക്കുന്നത്. റിമാൻഡിൽ ആലപ്പുഴ സബ് ജയിലിലായിരുന്ന തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ബുധനാഴ്ച പൊലീസിനു കസ്റ്റഡിയിൽ ലഭിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലുമാണ്. ഡോണയേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു.

∙ പാൽ കൊടുത്തില്ല, ഫ്ലൂയിഡും നീക്കിയില്ല 

ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ ഡോണ കൊടുത്തു വിടുന്നത്. ജനിച്ച ശേഷം കു‍ഞ്ഞിന് പാൽ കൊടുത്തിരുന്നില്ലെന്നാണ് വിവരം. ദേഹത്തെ ഫ്ലൂയിഡും നീക്കിയില്ല. കരച്ചിൽ ഉണ്ടായിരുന്നോ, ജീവനുണ്ടായിരുന്നോ, കുഞ്ഞിനെ പൊതിഞ്ഞ പോളിത്തീൻ കവറിലേക്കു വായു സഞ്ചാരമുണ്ടായിരുന്നോ തുടങ്ങിയവ വ്യക്തമായിട്ടില്ല. ഡോണയുടെയും തോമസ് ജോസഫിന്റെയും പ്രണയബന്ധം അറിഞ്ഞ് വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. ഗർഭിണിയായത് പുറത്തു പറയാൻ വിസമ്മതിച്ചതാണ് പ്രശ്നം ഇത്രയും രൂക്ഷമായതെന്നാണ് പൊലീസ് നിഗമനം. 

∙ ഗർഭം ഇല്ലാതാക്കാൻ ശ്രമിച്ചു

ഗർഭം അലസുന്നതിന് ഡോണ ഗുളിക കഴിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അലസി എന്നു കരുതിയെന്നും ഡോണ പറഞ്ഞിരുന്നു. എന്നിട്ടും പ്രസവിച്ചു. പ്രസവത്തിനു മുൻപ് തോമസ് ജോസഫും ഡോണയും ചിലരോട് പണം വായ്പ ചോദിച്ചതായ വിവരവും പൊലീസിനുണ്ട്. ഇത് മറ്റ് എവിടെക്കെങ്കിലും മാറാനാണോ എന്നു വ്യക്തമല്ല. വിദേശ ജോലിക്ക് ശ്രമിക്കുകയായിരുന്നു ഡോണ.

∙ ഫോൺ പരിശോധന തു‌ടങ്ങി

കേസിൽ ഡോണയുടെയും ആൺസുഹൃത്ത് തോമസ് ജോസഫിന്റെയും ഫോൺ വിളികളും ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രസവിച്ച ശേഷം കു‍ഞ്ഞിനെ ഡോണ തോമസ് ജോസഫിനെ വിഡിയോ കോളിലൂടെ കാണിച്ചു കൊടുത്തെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കും. പ്രസവത്തിനു മുൻപ് എന്തെങ്കിലും ഇവർ ആസൂത്രണം ചെയ്തോ എന്നു വ്യക്തമാകാനാണ് പരിശോധന. 

Leave a Reply