Spread the love

ഏറ്റവും പ്രിയങ്കരരായ ചില അഭിനേതാക്കള്‍ മണ്‍മറഞ്ഞിട്ട് ഇത്ര കൊല്ലമായെന്ന് പറയുമ്പോള്‍ പലപ്പോഴും അവിശ്വസനീയതയാവും പ്രേക്ഷകര്‍ക്ക് തോന്നുക. അവര്‍ അനശ്വരരാക്കിയ നിരവധി കഥാപാത്രങ്ങളെ പല പ്ലാറ്റ്‍ഫോമുകളിലൂടെ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു എന്നതുതന്നെ അതിന് കാരണം. മീമുകളിലൂടെയും റീലുകളിലൂടെയും പുതുതലമുറയും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മ ദിനമാണ് ഇന്ന്.

2010 ഫെബ്രുവരി 2 നായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. അതെ, നീണ്ട 15 വര്‍ഷങ്ങളായി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്.മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ മലയാള സിനിമയിലെ പ്രതിഭാധനരായ വലിയൊരു നിരയുടെ ഭാഗമായിരുന്നു കൊച്ചിന്‍ ഹനീഫയും. കൊച്ചിന്‍ കലാഭവനിലൂടെയാണ് അദ്ദേഹത്തിന്‍റെ തുടക്കം.1972ൽ അഴിമുഖം എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറി. തുടക്കം വില്ലന്‍ വേഷങ്ങളിലൂടെ. പിന്നീട് ചിരിപ്പടങ്ങളുടെ അമരത്തേക്ക്. സ്വതസിദ്ധമായ ശൈലിയില്‍, ലഭിച്ച എല്ലാ വേഷങ്ങളും മനോഹരമാക്കി നമ്മെ രസിപ്പിച്ചു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. വാത്സല്യമെന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ആ നിലയിലും അദ്ദേഹം കൈയടി നേടി.കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തെ താരമാക്കി.

ശങ്കർ സിനിമകളില്‍ സ്ഥിര സാന്നിധ്യമായി. കലൈഞ്ജർ കരുണാനിധിക്ക് ഹനീഫയോട് തോന്നിയ ഇഷ്ടം ചരിത്രമാണ്. എംജിആ‍ർ കഴിഞ്ഞാല്‍ എന്റെ ഇദയം കവർന്ന മലയാളിയെന്ന് അദ്ദേഹം ഫനീഫയെ വാഴ്ത്തി. ഹനീഫ സംവിധാനം ചെയ്ത പാടാതെ തേനികൾ, പാശൈ പറവൈകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചതും കലൈജ്ഞറാണ്. സൗഹൃദങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലും സമ്പന്നനായിരുന്നു കൊച്ചിന്‍ ഹനീഫസൗഹൃദം, സ്നേഹം, കനിവ്, നന്‍മ ഇതെല്ലാം ചേർന്നൊരു സാധാരണക്കാരന്‍.

സ്വയം പട്ടിണി കിടന്ന് കൂട്ടുകാ‍രന് അന്നമൂട്ടിയ ഒരു കഥയുണ്ട്. സിനിമയില്‍ ഒന്നുമാകാതെ അലഞ്ഞുതിരിയുന്ന കാലത്ത് ഒരു മുറിയില്‍ ആയിരുന്നു മണിയന്‍പിള്ള രാജുവും കൊച്ചിന്‍ ഹനീഫയും കഴിഞ്ഞിരുന്നത്. ഒരുദിവസം വിശന്ന് വലഞ്ഞ മണിയന്‍ പിള്ള ഹനീഫയോട് ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചു. ഖുർആന്‍ തുറന്ന് അതിലുണ്ടായിരുന്ന പത്ത് രൂപയെടുത്ത് ഹനീഫ മണിയന്‍പിള്ളയ്ക്ക് നല്‍കി. ആ പണത്തിന് നന്നായി ഭക്ഷണം കഴിച്ച് രാജു തിരിച്ചുവന്നിട്ടും ഹനീഫ കഴിക്കാന്‍ പോയില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു. എന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന പത്ത് രൂപയാണ് നിനക്കെടുത്ത് തന്നതെന്ന്. അതായിരുന്നു കൊച്ചിന്‍ ഹനീഫ.വ്യക്തിജീവിതത്തിലും നർമം കാത്തുസൂക്ഷിച്ച ഹനീഫ, സിനിമയ്ക്ക് മാത്രമല്ല ചങ്ങാതിമാർക്കും പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ്. ഒന്നര പതിറ്റാണ്ട് ആവുമ്പോഴും ഫനീഫയ്ക്ക് പകരക്കാരനില്ല. ആ ചിരിയും ശബ്ദവും പകർന്നാടിയ വേഷങ്ങളും കാലാതീതമായി നില്‍ക്കുന്നു

Leave a Reply