മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാൽ ആദ്യമായി സംവിധാന വേഷത്തിലെത്തുന്ന ബറോസ് തിയേറ്ററിൽ റിലീസിനൊരുങ്ങവേ, ചിത്രവുമായി ബന്ധപ്പെട്ട് താരം നടത്തുന്ന പ്രൊമോഷണൽ പരിപാടികളിലും ചോദ്യം എമ്പുരാനെ കുറിച്ചാണ്. ഇപ്പോഴിതാ പൃഥ്വിരാജിനോടുള്ള അടുപ്പത്തെ കുറിച്ചും എമ്പുരാന്റെ വിശേഷവും സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനെ കുറിച്ചുള്ള വിലയിരുത്തലും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ലൂസിഫർ, പിന്നീട് ബ്രോ ഡാഡി, ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ എന്നിങ്ങനെ പൃഥ്വിരാജിനൊപ്പം മൂന്നു സിനിമകൾ ചെയ്തു. സിനിമയെക്കുറിച്ച് എല്ലാം പൃഥ്വിക്കറിയാം. ഒരു നടനെ എങ്ങനെ ഉപയോഗിക്കണം, ചിത്രത്തിന്റെ കാസ്‌റ്, ലെൻസിങ് അങ്ങനെ എല്ലാത്തിനെ ക്കുറിച്ചും അറിയാം. ഒരുപാട് സിനിമകൾ ചെയ്യമെന്ന ആഗ്രഹം ഒന്നും പൃഥ്വിയ്ക്കില്ല. ലൂസിഫറിന് ശേഷം പൃഥ്വിയെ തേടി ഇതര ഭാഷകളിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. എല്ലാ ഡയറക്ടർമാര്‍ക്കും ഈ കഴിവുണ്ടെങ്കിലും പൃഥ്വിയ്ക്ക് കുറച്ചധികം ഉണ്ട്.ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സിനിമയിൽ ചരിത്രം സൃഷ്‌ടിക്കും എന്നാണ് തന്റെ വിലയിരുത്തൽ എന്നും താരം പറഞ്ഞു.