ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം. പതിനായിരത്തോളം ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ.പിരിച്ചുവിടൽ ആമസോണിന്റെ ഏകദേശം മൂന്ന് ശതമാനം കോർപ്പറേറ്റ് ജീവനക്കാരെ ബാധിക്കും.ന്യൂയോർക്ക് ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്.ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് നേരത്തേ മുതൽ തന്നെ ആമസോണിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്തംബർ വരെ ഏകദേശം 80,000 ആളുകളെ വെട്ടിക്കുറച്ചിരുന്നുവെന്നും പറയുന്നു.