ആദ്യമായി സിനിമയിലെത്തിയതിന്റെ കഥ പറഞ്ഞ് നടി ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും പത്താം ക്ലാസ് കഴിഞ്ഞയുടനെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലേക്ക് വിനയന്‍ തന്നെ വിളിച്ചുവെന്നും ഹണി റോസ് പറയുന്നു.
‘മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴ മൂലമറ്റത്താണ് നടന്നത്. ഞങ്ങളൊക്കെ ഷൂട്ടിങ് കാണാന്‍ പോയി. ഞങ്ങളുടെ ഒരു കമ്പനി ബിസിനസുണ്ട്. അവിടെ ജോലി ചെയ്യുന്ന ചേച്ചിമാരുടെ വീടായിരുന്നു ലൊക്കേഷന്‍. അന്ന് ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോട് സിനിമയില്‍ അഭിനയിക്കാന്‍ താതപര്യമുണ്ടോ എന്ന് ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടല്ലോ എന്നും പറഞ്ഞു. ഇത് അവിടെ കൂടിയ നാട്ടുകാരില്‍ പലരും കേട്ടു. നാട്ടിന്‍പുറത്ത് സാധാരണ സംഭവിക്കുന്നതുപോലെ ഞാന്‍ അഭിനയിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പരന്നു. അതോടെ അഭിനയിക്കാന്‍ എനിക്കും ആഗ്രഹം തോന്നി. ഞങ്ങള്‍ അതിനുശേഷം വിനയന്‍ സാറിനെ പോയി കണ്ടു. അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പ്ലസ് ടു ഒക്കെ ആകട്ടെ എന്ന് സാര്‍ പറഞ്ഞു. പിന്നെ അതെല്ലാം മറന്നുപോയി. പക്ഷേ അതൊരു നിമിത്തമായി. പത്താം ക്ലാസ് കഴിഞ്ഞുനില്‍ക്കുമ്പോള്‍ ബോയ്ഫ്രണ്ടില്‍ അഭിനയിക്കാന്‍ വിളിച്ചു. മണിക്കുട്ടന്‍ ആയിരുന്നു നായകന്‍.
ആദ്യത്തെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളേജിലായിരുന്നു ഷൂട്ടിങ്. അതിന്റെ വരാന്തയിലൂടെ ഓടി വരുന്നതും ഞാന്‍ നിലത്തുരുണ്ട് വീഴുമ്പോള്‍ എല്ലാവരും ചിരിക്കുന്നതും ഇപ്പോഴും ഓര്‍മയുണ്ട്. ആദ്യത്തെ ഡയലോഗ് വലിയ കുഴപ്പമില്ലാതെ ശരിയായി. എന്നാല്‍ കരഞ്ഞുകൊണ്ട് പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് പറയാന്‍ നന്നായി ബുദ്ധിമുട്ടി.
നമ്മളെ മാത്രം ഫോക്കസ് ചെയ്യുന്ന ക്ലോസ് അപ് ഷോട്ടിലൊന്നും വിനയന്‍ സാര്‍ വഴക്കു പറയാറില്ല. എന്നാല്‍ ഓഡിയന്‍സും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമെല്ലാമുള്ള വൈഡ് ഷോട്ട് എടുക്കുന്ന സമയത്ത് ഓരോരുത്തരെ ചീത്ത വിളിച്ച് വന്ന് അവസാനം എന്റെ അടുത്തെത്തിയപ്പോള്‍ ‘ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിന്നാല്‍ മതിയോ?’ എന്ന് ചോദിച്ചു. പിന്നീട് ചീത്തയൊന്നും പറഞ്ഞിട്ടില്ല.
മണിക്കുട്ടന് ഡാന്‍സും ഫൈറ്റും എല്ലാം നന്നായി അറിയാമായിരുന്നു. എനിക്കാണെങ്കില്‍ ഡാന്‍സിന്റെ സമയത്ത് ഒരു കാല്‍ മുന്നോട്ടു എടുത്തുവെയ്ക്കാന്‍ പറഞ്ഞാല്‍പോലും പറ്റില്ല. പ്രസന്ന മാസ്റ്ററിന്റെ അസിസ്റ്റന്റ് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു. പക്ഷേ അത് ഫാസ്റ്റ് നമ്പര്‍ സോങ്ങായിരുന്നു. അന്ന് ഞാന്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭരതനാട്യം പഠിച്ചത്. പക്ഷേ ഇപ്പോള്‍ ഡാന്‍സ് പഠിക്കണമെന്നും എവിടെയെങ്കിലും പെര്‍ഫോമന്‍സ് ചെയ്യണമെന്നും എനിക്ക് വലിയ ആഗ്രഹമുണ്ട്.’-ഹണി റോസ് അഭിമുഖത്തില്‍ പറയുന്നു