നടനും സംവിധായകനായുമായ ബേസിൽ ജോസഫ് കേരള സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ഫൈനലിന്റെ വേദിയിൽ ഒരു ഫുട്ബോൾ താരത്തിന് കൈകൊടുക്കാൻ ശ്രമിച്ചതായുമായി ബന്ധപ്പെട്ട ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടും ‘പ്ലിങ്ങി’യിരിക്കുകയാണ്. പുതിയ ചിത്രമായ ‘ഇഡി’യുടെ ഓഡിയോ ലോഞ്ചിൽ നടി ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാൻ പോയപ്പോഴാണ് സുരാജിന് അബദ്ധം പറ്റിയത്.
പരിപാടി നടക്കുന്ന വേദിയിലേക്ക് ഗ്രേസ് ആന്റണി നടന്നു വരുമ്പോൾ അവിടെ ഇരിക്കുന്ന സുരാജ് വെഞ്ഞാറമൂട് കൈ കൊടുക്കാൻ പോയി. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഗ്രേസ് മുന്നോട്ട് നടക്കുകയും സുരാജ് കൈയിൽ തട്ടുമ്പോൾ ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായതിന് പിന്നാലെ രസകരമായ കമന്റുമായി ഗ്രേസ് ആന്റണിയും സുരാജുമെല്ലാം രംഗത്തെത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’, എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ഇതിന് മറുപടിയായി സുരാജ് ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’ എന്നും കമന്റിട്ടു. വീഡിയോയിൽ സുരാജിന് അടുത്തായി ടൊവിനോ തോമസുമുണ്ടായിരുന്നു. സുരാജിന്റ കമന്റിന് ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. പുതിയ സംഭവത്തിലും ബേസിലിനെ ടൊവിനോ ട്രോളിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ബേസിൽ കൈ കൊടുക്കാൻ പോയതും അമളി പറ്റിയതും. കാലിക്കറ്റ് എഫ്സി – ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. സഞ്ജു സാംസൺ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറുകയായിരുന്നു.