Spread the love

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ യൂട്യൂബർ രൺവീർ അലഹബാദിയയുടെ വിവാദ വീഡിയോ പിൻവലിച്ച് യൂട്യൂബ്. രൺവീർ നടത്തിയ അശ്ലീല പരാമർശത്തിനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു വീഡിയോ നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്.

കൊമേഡിയൽ സമയ് റൈനയുടെ ‘India’s Got Latent’ എന്ന ആക്ഷേപഹാസ്യ ഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ രൺവീർ അലഹബാദിയ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു കേന്ദ്രം നടപടിയിലേക്ക് നീങ്ങിയത്. മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് രൺവീർ നടത്തിയ പരാമർശം തീർത്തും അശ്ലീലവും ആക്ഷേപകരവുമായിരുന്നു. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് വിവാദഭാഗമുണ്ടായിരുന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെ രൺവീറിനെതിരെ വിമർശനം ശക്തമായി. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം വീഡിയോ യൂട്യൂബ് പിൻവലിച്ചതായി കേന്ദ്ര ഐ&ബി മന്ത്രാലയത്തിലെ മുതിർന്ന ഉപദേശകൻ കാഞ്ചൻ ​ഗുപ്ത എക്സിലൂടെ അറിയിച്ചു.

അതേസമയം പരാമർശം വിവാദമായതോടെ രൺവീർ മാപ്പുചോദിച്ച് രം​ഗത്തെത്തിയിരുന്നു. സംഭവിച്ചുപോയ പിഴവ് തിരിച്ചറിഞ്ഞതായും ഇനിയൊരിക്കലും ഇത്തരം നിരുത്തരവാദപരമായ സമീപനം തന്റെ ഭാ​ഗത്തുനിന്നുണ്ടാകില്ലെന്നും രൺവീർ പ്രതികരിച്ചിട്ടുണ്ട്.

Leave a Reply