ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്ന അവസ്ഥയാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താൻ ഉള്‍പ്പെടെ മൂന്നുപേരെ കുറിച്ച് നേരത്തെ ഒരു ആരോപണം ഉയര്‍ന്നിരുന്നു. അതില്‍ മറുപടി പറയുന്നതിനാണിപ്പോള്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇക്കഴിഞ്ഞ 31നാണ് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നത്.
അതില്‍ രണ്ട് പെണ്‍കുട്ടികള്‍ മുൻവിധിയോടെ എത്തി യോഗത്തില്‍ ബഹളം വെക്കുകയായിുരന്നു. സംഘടനയെ തകര്‍ക്കാൻ ഉറപ്പിച്ച മട്ടിലാണ് അവര്‍ പെരുമാറിയത്. ജോലി സ്ഥലത്ത് ആയാലും പൊതുവിടത്തിലായാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍, ഇതിനെ വളച്ചൊടിച്ചാണ് അവര്‍ ആരോപണം ഉന്നയിച്ചത്. യോഗത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് പുറത്തിറങ്ങി ഞാൻ സ്ത്രീ വിരുദ്ധയാണെന്ന് വിളിച്ചു പറഞ്ഞത്. മറ്റു രണ്ടു പേരുടെ പേരുകള്‍ കൂടി അവര്‍ വിളിച്ചുപറഞ്ഞു.
ഞങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കും. മുഖ്യമന്ത്രിക്കും പരാതി നല്‍കും. ഞങ്ങളെക്കാള്‍ സിനിമ ചെയ്യുന്നവരാണ് ഞങ്ങള്‍ക്കെതിരെ തൊഴിൽ നിഷേധം ഉന്നയിക്കുന്നത്. ആരോപണങ്ങളെ പറ്റി ആരും ഞങ്ങളോട് ചോദിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
92 സ്ത്രീകളാണ് ഫെഫ്ക യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയത് നാലുപേരാണ്. ആരോപണം ഉന്നയിച്ചവർ ആരുടെ കൂടെ വന്നു എന്നത് വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി കൊടുക്കുക. അപ്പോൾ വന്നവരുടെ ഉദ്ദേശം വ്യക്‌തമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സാഹചര്യം നേരിടാൻ സ്ത്രീകൾ തയ്യാറാവണം എന്ന് പറഞ്ഞാൽ സ്ത്രീവിരുദ്ധത ആണെങ്കിൽ അത് തുടരും. ചിലർക്ക് എതിരെ വരുന്ന വാര്‍ത്തകള്‍ വരുന്നില്ല. ലഹരി ആരോപണം ഉന്നയിച്ചത് അന്വേഷിക്കണ്ടേയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഹേമ കമ്മിറ്റിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരും ഹെയര്‍സ്റ്റയിലിസ്റ്റുമാരും ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.