കണ്ണൂർ : ജൂൺ ഒന്നിന് പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചുകൾക്ക് തീയിട്ട സംഭവത്തിനു ശേഷം വീണ്ടും ട്രെയിനുകൾക്ക് നേരെ അക്രമം.
ഇത്തവണ മിനിറ്റുകളുടെ വ്യത്യാസത്തിൽ കല്ലേറുണ്ടായത് മൂന്ന് ട്രെയിനുകൾക്ക് നേരെയാണ്. മംഗളൂരുവിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിനു നേരെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കല്ലെറിയുന്നതും ട്രാക്കിൽ കല്ലു നിരത്തുന്നതും സുരക്ഷാ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. മേയ് 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായിരുന്നു.
കഴിഞ്ഞവർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കല്ലേറിൽ യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ.2022 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റെയിൽവേ സുരക്ഷാസേന 5 കേസുകളാണെടുത്തത്.