Spread the love

നമ്മുടെ നാട്ടിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യക്തിപരമായ വൈരാ​ഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകൾ വ്യാജ ലൈം​ഗിക പീഡന പരാതികൾ ഉന്നയിക്കുന്ന സംഭവം സമീപ കാലത്ത് വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമർശം. പീഡനക്കേസിൽ അകപ്പെട്ട അജിത്ത് എന്ന യുവാവിന്റെ ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക നിരീക്ഷണം നടത്തിയത്. അജിത്തിനെതിരായ എല്ലാ നിയമനടപടികളും റദ്ദാക്കിയതായി കോടതി ഉത്തരവിട്ടു.

വിവാഹ വാഗ്ദാനം നൽകി 2014ൽ ബലാത്സംഗം ചെയ്തെന്നാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് 2019ലാണെന്ന വസ്തുത കോടതി പരി​ഗണിക്കുകയായിരുന്നു. 2014ൽ നടന്ന സംഭവത്തിനെതിരെ പരാതി നൽകാൻ ഇത്രയും വർഷം കാത്തിരുന്നത് എന്തിനാണെന്നും ഇതിനിടയിൽ മൂന്ന് വർഷം ഇരുവരും തമ്മിൽ യാതൊരു തരത്തിലും ആശയവിനിമയം നടത്തിയിട്ടില്ലെന്നത് വിവാഹം കഴിക്കുമെന്ന പ്രത്യാശയോടെ യുവതി കാത്തിരുന്നതാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പരസ്പരം സമ്മതത്തോടെ നടന്ന ശാരീരിക ബന്ധമായി മാത്രമേ 2014ൽ നടന്ന സംഭവത്തെ കണക്കാക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

ലൈം​ഗിക പീഡന പരാതിയുമായി സ്ത്രീകൾ രം​ഗത്തെത്തുന്നത് പോലും വിരളമായിരുന്ന കാലമുണ്ടായിരുന്നു. പരാതി ഉന്നയിച്ചാൽ വിഷയം പുറത്തറിയുകയും ഇത് ഭാവിയിൽ വിവാഹമുൾപ്പടെയുള്ള കാര്യങ്ങൾക്ക് തടസമാവുകയും ചെയ്യുമെന്ന് കരുതിയാണ് പല സ്ത്രീകളും പരാതി ഉന്നയിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ത്രീ പീഡന പരാതികൾ അത്രയും സത്യസന്ധവുമായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു സ്ത്രീ കള്ളം പറയില്ലെന്നുമുള്ള ധാരണ ഇതോടെ ബലപ്പെട്ടു. എന്നാൽ ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന പരാതി ഉന്നയിക്കില്ലെന്ന ധാരണ തെറ്റാണെന്നാണ്. വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ വ്യാജ പരാതികൾ നൽകുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply