Spread the love

വാഷിംങ്ടൺ: പ്രശസ്ത അമേരിക്കൻ ​ഗായിക ബ്രിട്നി സ്പിയേഴ്സിന്‍റെ വിവാഹ വാർത്തകൾ പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. മൂന്ന് തവണ വിവാഹിതയായ ബ്രിട്നിയുടെ കുടുംബ ജീവിതം വിവാദങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ താൻ വീണ്ടും വിവാഹംകഴിച്ചെന്ന് പ്രഖ്യാപിക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് ബ്രിട്നി സ്പിയേഴ്സ്. ഒരു വിവാഹം കഴിക്കുന്നതിൽ എന്താണിത്ര ഞെട്ടാനെന്നാണോ, ഇത്തവണ ബ്രിട്നി വിവാഹം ചെയ്തത് സ്വയമാണ്. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് താൻ വീണ്ടും വിവാഹിതയായെന്നകാര്യം ബ്രിട്നി സ്പിയേഴ്സ് വെളിപ്പെടുത്തിയത്.

‘ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ച ദിവസം. അത് ലജ്ജാകരമോ മണ്ടത്തരമോ ആയി തോന്നിയേക്കാം. പക്ഷേ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ കാര്യമാണിതെന്ന് ഞാൻ കരുതുന്നു’- തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബ്രിട്നി വ്യക്തമാക്കി.

സാറ്റിൻ വെഡ്ഡിങ് ​ഗൗണും ഒരു മൂടുപടവും ധരിച്ചെത്തിയാണ് ഗായിക തന്‍റെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. തുർക്കിയിലേക്ക് ഒറ്റക്ക് ഹണിമൂൺ ട്രിപ്പും താരം പ്ലാൻ ചെയ്തിട്ടുണ്ട്. 2004-ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടായിരുന്നു ബ്രിട്നി സ്പിയേഴ്സിന്‍റെ ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂർ മാത്രമായിരുന്നു ആദ്യ വിവാഹത്തിന് ആയുസ്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ആ ബന്ധം വേര്‍പിരിഞ്ഞു. പിന്നീട് അതേ വര്‍ഷംതന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷം നടനും മോഡലുമായ സാം അസ്ഖാരിയേയാണ് ബ്രിട്നി വിവാഹംകഴിച്ചത്. ബ്രിട്ട്‌നിയേക്കാള്‍ 12 വയസ്സ് ഇളയതാണ് സാം. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും വേർപിരിഞ്ഞു. വിവാഹ വാർത്തകളിലൂടെ വിവാദങ്ങൾ നിറഞ്ഞ അവരുടെ ജീവതം നിറയെ പ്രതിസന്ധികളും നേരിട്ടിരുന്നു.

13 വര്‍ഷത്തോളംണ്ട രക്ഷാകര്‍തൃ ഭരണത്തിലായിരുന്നു ബ്രിട്നി. 2021 ഒക്ടോബറിലാണ് ബ്രിട്നി സ്പിയേഴ്സ് രക്ഷാകര്‍തൃ ഭരണത്തിൽ നിന്നും മോചനം നേടിയത്. 2008 മുതല്‍ ബ്രിട്നിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു. മകള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു എന്നായിരുന്നു ജാമിയുടെ വാദം. എന്നാൽ പിതാവ് തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് നടത്തിയതെന്നാണ് ബ്രിട്നി പ്രതികരിച്ചത്. തന്‍റെ കാമുകനിൽ നന്നും ഗർഭം ധരിക്കാതിരിക്കാൻ വരെ പിതാവിന്‍റെ ഇടപെടലുണ്ടായിരുന്നും അവർ ആരോപിച്ചിരുന്നു.

Leave a Reply