Spread the love
രഹസ്യങ്ങള്‍ പുറത്തു പറയരുത്, നാലു വര്‍ഷം മുമ്പ് വിടുതല്‍ നല്‍കില്ല; അഗ്നിപഥ് വിജ്ഞാപനം വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം സേവനമനുഷ്ഠിക്കുന്ന നാലു വര്‍ഷക്കാലത്തിനിടെ അറിയുന്ന രഹസ്യവിവരങ്ങള്‍ അഗ്നിവീരര്‍ പുറത്തു പറയരുതെന്ന് കരസേന. പദ്ധതിയുടെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇതു വ്യക്തമാക്കുന്നത്. അഗ്നിപഥ് പദ്ധതി നിലവില്‍ വരുന്നതോടെ അഗ്നിവീറുകള്‍ക്കു മാത്രമേ സേനയില്‍ റെഗുലര്‍ ആയി നിയമനം ലഭിക്കൂവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അഗ്നിവീറുകള്‍ സേനയില്‍ പ്രത്യേക റാങ്ക് ആയിരിക്കും. വ്യവസ്ഥകള്‍ അംഗീകരിച്ചു ചേര്‍ന്നു കഴിഞ്ഞാല്‍ നാലു വര്‍ഷത്തിനു മുമ്ബായി വിടുതല്‍ അനുവദിക്കില്ല. പ്രത്യേക കേസുകളില്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോയെ വിടുതല്‍ നല്‍കും.

ആര്‍മി ആക്‌ട് 1950 പ്രകാരം ആയിരിക്കും അഗ്നിവീറുകളുടെ സേവനം. കര, വ്യോമ, നാവിക മേഖലകളില്‍ എവിടെയും നിയമിക്കപ്പെടാം. യൂണിഫോമില്‍ അഗ്നിവീറിനെ തിരിച്ചറിയുന്നതിന് പ്രത്യേക പദവി മുദ്രയുണ്ടാവും. വര്‍ഷത്തില്‍ മുപ്പത് അവധികള്‍ അനുവദിക്കും. മെഡിക്കല്‍ അവധി സാഹചര്യം അനുവദിച്ചായിരിക്കും. അഗ്നിവീറുകളുടെ ശമ്പളത്തിന്റെ മുപ്പതു ശതമാനം പ്രത്യേക നിധിയില്‍ നിക്ഷേപിക്കും. തുല്യമായ തുക സര്‍ക്കാരും നിധിയില്‍ നിക്ഷേപിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

നാലു വര്‍ഷം പൂര്‍ത്തിയായ അഗ്നിവീറുകള്‍ക്ക് റെഗുലര്‍ സര്‍വീസ് ലഭിക്കണമന്ന് അവകാശപ്പെടാനാവില്ല. അതതു സമയത്തെ ആവശ്യവും സര്‍ക്കാര്‍ നയവും അനുസരിച്ചാവും സേനയില്‍ നിയമനം നല്‍കുക. ഒരു ബാച്ചില്‍ നിന്ന് പരമാവധി ഇരുപത്തിയഞ്ചു ശതമാനം പേരെയാണ് ഇത്തരത്തില്‍ നിയമിക്കുക.

Leave a Reply