അഗ്നിപഥിലെ വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. അഗ്നിവീറുകള്‍ക്കു പ്രത്യേക ഇളവുകള്‍ നല്‍കിയ ശേഷം ഇറങ്ങുന്ന വിജ്ഞാപനമാണിത്. പ്രതിഷേധത്തിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിവരിച്ചു വ്യോമസേന നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. 70 ശതമാനം തുക നേരിട്ട് അഗ്നിവീര്‍ അംഗങ്ങളുടെ അകൗണ്ടില്‍ ലഭിക്കും. ബാക്കി മുപ്പതും സര്‍ക്കാരിന്റെ വിഹിതവും കൂടി ചേര്‍ത്ത് കോര്‍പസ് ഫണ്ടാക്കി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കും. സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരം സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും.
വ്യോമസേനയില്‍ രജിസ്ട്രേഷന്‍ 24നും നാവിക സേനയില്‍ 25നും ആരംഭിക്കും. കരസേനയിലെ റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റിലായിരിക്കും വ്യോമസേനയില്‍ ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24നു നടക്കുമ്പോള്‍ നാവിക സേനയുടെ ആദ്യ ബാച്ച് നവംബര്‍ 21ന് പരിശീലനം തുടങ്ങും. കരസേനയിലും വ്യോമസേനയിലും പരിശീലന തുടക്കം ഡിസംബര്‍ മാസത്തിലായിരിക്കും.
ഏതെങ്കിലും കേസുകളുടെ എഫ്.ഐ.ആറില്‍ പേരുള്ളവര്‍ക്ക് അഗ്നിപഥ് പദ്ധതി വഴി ജോലി ലഭിക്കില്ല. രാജ്യവ്യാപകമായി പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.