
ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ഇന്ത്യന്‍ സായുധ സേനയില്‍ ചേരുന്നവരെ സ്ഥിരം സൈനികരായി തിരഞ്ഞെടുക്കണമെങ്കില്‍ 4 വര്‍ഷക്കാലം അവര്‍ തുടര്‍ച്ചയായി വിലയിരുത്തപ്പെടുമെന്ന് ഇന്ത്യന്‍ ആര്‍മി വൈസ് ചീഫ് ആയ ലഫ്റ്റനന്റ് ജനറല്‍ ബിഎസ് രാജു.
ഇതേത്തുടര്‍ന്നായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഗ്നിവീരന്‍മാരില്‍ 25 ശതമാനം പേര്‍ക്കും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിയിലൂടെയുള്ള ഓരോ സേവനങ്ങള്‍ക്കുമായുള്ള റിക്രൂട്ട്‌മെന്റിന് ഞങ്ങള്‍ പ്രത്യേകം വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ തുടര്‍ച്ചയായി വിലയിരുത്തപ്പെടും. ആറ് മാസത്തെ പരിശീലന കാലയളവ് അവസാനിക്കുമ്ബോഴാകും ആദ്യ വിലയിരുത്തല്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ക്ഷമത, ഫയറിംഗ് കഴിവുകള്‍, മറ്റ് പ്രകടനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോ വര്‍ഷാവസാനത്തിലും അഗ്നിവീരന്മാരുടെ വിലയിരുത്തല്‍ നടത്തുക. പ്ലാറ്റൂണ്‍ കമാന്‍ഡര്‍, കമ്ബനി കമാന്‍ഡര്‍, കമാന്‍ഡിംഗ് ഓഫീസര്‍ എന്നിവരുമായി എങ്ങനെയാണ് ഇടപഴകുന്നത് എന്നതും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ കോര്‍പ്സ് ഓഫ് മിലിട്ടറി പോലീസില്‍ വനിതകള്‍ക്കും പ്രവേശനം നേടാം. മറ്റ് റിക്രൂട്ട്മെന്റുകള്‍ പോലെ തന്നെയായിരിക്കും സിഎംപിയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.