Spread the love

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.രാവിലെ എട്ടു മണി മുതലാണ് റോഡിലെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങുക. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളില്‍ 692 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്.

ഇരുചക്രവാഹനങ്ങളില്‍ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഗതാഗതലംഘനം കണ്ടെത്തിയാല്‍ മൊബൈലിലേക്ക് എസ്‌എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് അപ്പീല്‍ നല്‍കാം. എമര്‍ജൻസി വാഹനങ്ങള്‍ക്ക് പിഴയില്‍ നിന്ന് ഇളവുണ്ടാകും. കേന്ദ്ര നിയമമനുസരിച്ച്‌ വിഐപികള്‍ക്കും ഇളവുണ്ടാകും.

ആദ്യഘട്ടത്തില്‍ പിഴ ചുമത്തുക ഈ നിയമലംഘനങ്ങള്‍ക്ക്:

⭕️ഹെല്‍മറ്റ് ഇല്ലെങ്കില്‍- 500 രൂപ പിഴ (4 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം)

⭕️സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ : 500 രൂപ പിഴ (ഡ്രൈവര്‍ക്കു പുറമേ മുൻസീറ്റിലുള്ളയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം)

⭕️ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ : 2000 രൂപ പിഴ

⭕️അമിതവേഗത: 1500 രൂപ

⭕️ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാള്‍ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ തല്‍ക്കാലം പിഴ ഇല്ല)

⭕️അപകടകരമായ പാര്‍ക്കിങ്: 250 രൂപ

⭕️റെഡ് സിഗ്‌നല്‍ മുറിച്ചു കടന്നാല്‍: പിഴ കോടതി വിധിക്കും.

Leave a Reply