Spread the love
കേന്ദ്രം അനുവദിച്ചാൽ എയിംസ് കിനാലൂരിൽ തന്നെ: മന്ത്രി വീണാ ജോർജ്

ബാലുശ്ശേരി: കേന്ദ്രം കേരളത്തിന് എയിംസ് അനുവദിച്ചാൽ ബാലുശ്ശേരി കിനാലൂരിൽ സ്ഥാപിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എയിംസിനായി കിനാലൂർ വ്യവസായ കേന്ദ്രത്തിനോട് ചേർന്ന് കണ്ടെത്തിയ ഭൂമി സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എയിംസിന് അനുയോജ്യമായ ഭൂമി കോഴിക്കോട് കിനാലൂരിലുണ്ടെന്ന് ഇതിനകം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ കൈവശമുള്ള 150 ഏക്കർ ഭൂമി കൂടാതെ 50 ഏക്കർ കൂടി ഏറ്റെടുത്ത് നൽകാൻ സർക്കാർ സന്നദ്ധമാണ്. എയിംസിന് ആവശ്യമായ, വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവയും സർക്കാർ ഒരുക്കും.

സ്ഥലം നൽകിക്കഴിഞ്ഞാൽ എയിംസ് അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കിനാലൂരിൽ ഒരുക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഉടൻ കേന്ദ്രത്തിന് പൂർണ റിപ്പോർട്ട് നൽകും. വ്യവസായവകുപ്പ്, റവന്യൂ, ആരോഗ്യ, ധനവകുപ്പ് സെക്രട്ടറിമാർ ഇതിനകം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ഏകോപിപ്പിച്ച് കേന്ദ്രത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കിനാലൂരിൽ എയിംസ് യാഥാർഥ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സച്ചിൻ ദേവ് എം.എൽ.എ., കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ്, ഡി.എം.ഒ. ഉമ്മർ ഫാറൂഖ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംല ബീവി, എൻ.എച്ച്.പി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ, മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ, സി.പി.എം. ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, റവന്യൂ, വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply