യാംബു: ബജറ്റ് എയർലൈനായ എയർ അറേബ്യ യാംബുവിൽനിന്ന് ഷാർജയിലേക്കുള്ള വിമാനസർവിസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ യാംബുവിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും സർവിസ് ഉണ്ടായിരിക്കുമെന്നും വിമാന ടിക്കറ്റ് ബുക്കിങ് നടക്കുകയാണെന്നും വിമാന കമ്പനി അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സർവിസ് നിർത്തിവെച്ചത്. വീണ്ടും തുടങ്ങിയത് യാംബുവിലെ പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. യു.എ.ഇയിലെ ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനായ എയർ അറേബ്യ വരുന്നതോടെ ചെലവ് കുറഞ്ഞ സർവിസ് ലഭ്യമാകും. ഇതിൽ ഏറെ സന്തോഷിക്കുന്നവരാണ് മലയാളികളടക്കമുള്ള യാംബുവിലെ പ്രവാസികൾ.