Spread the love
എയർ ബബ്ൾ കാരാർ: സൗദി സെക്ടറിൽ വിമാനടിക്കറ്റ് നിരക്ക് കുറയും

കരിപ്പൂർ: സൗദി അറേബ്യയുമായുള്ള എയർ ബബ്ൾ കരാറിന് പിന്നാലെ സൗദി – കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു. ടിക്കറ്റ് നിരക്കിൽ 5,000 മുതൽ 8,000 രൂപ വരെ കുറവുണ്ട്. നേരത്തെ 42,000 രൂപ മുതൽ 45,000 വരെ നൽകേണ്ടിയിരുന്ന ടിക്കറ്റ് നിരക്കിപ്പോൾ 35,000ലേക്ക് വരെ താഴ്ന്നിട്ടുണ്ട്. നിരക്ക് വൈകാതെ വീണ്ടും കുറയുമെന്ന് ട്രാവൽസ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സൗദിയുമായുള്ള എയർ ബബ്ൾ കരാർ. സൗദി കേന്ദ്രീകരിച്ചുള്ള ബഡ്ജറ്റ് എയർലൈനായ ഫ്ളൈ നാസും ഇൻഡിഗോയുമാണ് ഈ മാസം 11 മുതൽ സർവീസ് തുടങ്ങുക.

നിലവിൽ ചാർട്ടർ ഫ്ളൈറ്റുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സൗദിയിലേക്ക് യാത്രക്കാരുമായി പോവുന്ന വിമാനത്തിന് തിരിച്ച് യാത്രക്കാരെ കയറ്റാൻ അനുമതിയില്ല. എന്നാൽ എയർ ബബ്ൾ കരാറിൽ രണ്ട് ഭാഗത്തേക്കും യാത്രക്കാരെ കൊണ്ടുപോവാം. ഇതാണ് നിരക്ക് കുറയാൻ കാരണം.

ഫ്ളൈ നാസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ തുടങ്ങും. കൊവിഡിന് മുമ്പ് വരെ ഫ്ളൈ നാസ് കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നു. നിലവിൽ ചാർട്ടർ സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് വൈകാതെ ബബ്ൾ സർവീസിലേക്ക് മാറിയേക്കും.

കരിപ്പൂർ – റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്നും ജിദ്ദയിലേക്ക് എല്ലാ ദിവസവും സർവീസുണ്ടാവും. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽ നിന്നെത്തുന്ന വിമാനം രാത്രി 8.30ന് കരിപ്പൂരിൽ നിന്ന് മടങ്ങും. ജിദ്ദയിലേക്ക് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30നാണ് ഇൻഡിഗോയുടെ സർവീസ്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ദമാമിലേക്കുള്ള സർവീസ്.

സൗദി യാത്രയ്ക്ക് 72 മണിക്കൂ‌ർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണം. ആദ്യഡോസ് സൗദിയിൽ നിന്നും രണ്ടാം ഡോസ് ഇന്ത്യയിൽ നിന്നും എടുത്തവർക്ക് മൂന്ന് ദിവസവുമാണ് ക്വാറന്റൈൻ കാലാവധി. സൗദിയിൽ നിന്ന് രണ്ട് ഡോസുമെടുത്തവർക്ക് ക്വാറന്റൈനില്ല.

Leave a Reply