Spread the love
നടപടികള്‍ അവസാനഘട്ടത്തില്‍: ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂർത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കനത്ത കടബാധ്യതയെതുടർന്ന് എയർ ഇന്ത്യയെ വിറ്റൊഴിയാൻ സർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായത്.

എയർ ഇന്ത്യ എക്പ്രസിനൊപ്പം എയർ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യാ സ്റ്റാറ്റ്സിന്റെ 50ശതമാനം ഓഹരികളുമാകും ടാറ്റയ്ക്ക് ലഭിക്കുക. ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാൽ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുർ എയർലൈൻസിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയർ ഇന്ത്യ ഇടപാടുമായി സിങ്കപുർ എയർലൈൻസിന് ബന്ധമില്ലാത്തതിനാൽ തൽക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയർ ഇന്ത്യയുടെ പ്രവർത്തന, സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

Leave a Reply