ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച അടിയന്തര യോഗം വിളിച്ചിരുന്നു. ഇതേ തുടർന്ന് രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ അറിയിച്ചു. കുട്ടികൾ മലിനമായ വായു ശ്വസിക്കാതിരിക്കാനാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി . ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോക്ക്ഡൗൺ നിർദേശത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. പദ്ധതി സുപ്രീം കോടതിയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് അടിയന്തര പദ്ധതി തയ്യാറാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.