ഡല്‍ഹിയിലെ വായുമലിനീകരണം അടിയന്തരമായി നിയന്ത്രിക്കുന്നതിന് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. വിഷയത്തില്‍ നാളെ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കും, നിര്‍മാണ–വ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളില്‍ തീരുമാനമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
കര്‍ഷകര്‍ വയലവിശിഷ്ടങ്ങള്‍ കത്തിക്കുന്നതല്ല ഡല്‍ഹിയിലെ വായുമലിനീകരണം മോശമായതിന്‍റെ മുഖ്യകാരണം. ആകെ മലിനീകരണത്തിന്‍റെ എഴുപത് ശതമാനവും നഗരത്തിലെ വാഹനങ്ങളില്‍ നിന്നും നിര്‍മാണ പ്രവൃത്തികളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും ഉണ്ടാകുന്നതാണ്. ഇവ നിയന്ത്രിക്കുന്നിന് കാര്യമായ നടപടികളുണ്ടായില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നാളെ അടിയന്തര യോഗം ചേരാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, യുപി ചീഫ്സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണം. ഒറ്റയക്ക–ഇരട്ടയക്ക വാഹനനിയന്ത്രണം, ട്രക്കുകള്‍ക്ക് വിലക്ക്, സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എന്നീ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചു. കുറച്ചുകാലത്തേക്ക് വര്‍ക്ക് ഫ്രം ഹോം രീതി ഏര്‍പ്പെടുത്താന്‍ ഡല്‍ഹി, ഹരിയാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകരോട് നിര്‍ദേശിക്കണമെന്ന് പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് കോടതി പറഞ്ഞു. നടപടികളെടുക്കേണ്ടത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണെന്ന് വാദിച്ച ഡല്‍ഹി സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുകയാണ്. ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണെങ്കില്‍ പരിസ്ഥിതി നഷ്ടപരിഹാര നികുതിയായി ഡല്‍ഹി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും സര്‍ക്കാരിന്‍റെ പരസ്യച്ചെലവും ഓഡിറ്റ് ചെയ്യേണ്ടിവരുമെന്ന് കോടതി പറഞ്ഞു.