ന്യൂഡൽഹി: യുഎസിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. യുഎസ് അതോറിറ്റിയുടെ അനുമതിയെ തുടർന്നാണ് എയർ ഇന്ത്യ ഇന്നലെ മുതൽ ബി 777 വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചത്.
ഇതനുസരിച്ച് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ചിക്കാഗോയിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് എയർ ഇന്ത്യ പറഞ്ഞു.
5ജി മൊബൈൽ സേവനങ്ങളുടെ വിപുലീകരണം നടക്കുന്നതിനാൽ ഉണ്ടാകാവുന്ന സാങ്കേതിക തടസങ്ങളെ കുറിച്ച് വ്യോമയാന മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് യുഎസിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യയുൾപ്പെടെ റദ്ദാക്കിയത്.