
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിൽ ഒരാളായ എയർടെൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ 5ജി പ്ലസ് സേവനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഭാരതി എയർടെൽ നൽകുന്ന 5ജി സേവനത്തെയാണ് കമ്പനി എയർടെൽ 5ജി പ്ലസ് എന്ന് വിളിക്കുന്നത്. നിലവിൽ എട്ട് നഗരങ്ങളിൽ മാത്രമാണ് സേവനങ്ങൾ ലഭ്യമാകുക. എന്നാൽ ഇത് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരാണസി എന്നീ 8 നഗരങ്ങളിലാണ് എയർടെൽ 5ജി പ്ലസ് പുറത്തിറക്കുന്നത്. ഈ നഗരങ്ങളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ലഭിക്കാൻ തുടങ്ങുന്നതാണ്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) എയർടെൽ പ്രഖ്യാപിച്ചിരുന്നു. 2024 മാർച്ച് ആകുമ്പോഴേക്കും പാൻ-ഇന്ത്യ റോൾഔട്ട് പൂർത്തിയാകുമെന്നാണ് സിഇഒ സുനിൽ മിത്തൽ അറിയിക്കുന്നത്.