മൂന്നുവര്‍ഷം മുന്‍പ് അഭിനയരംഗത്ത് എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. ‘അര്‍ച്ചന’യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഐശ്വര്യ പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘രാമശ്ശേരി ഇഡ്ഡലിയ്ക്ക് നോ പറയുന്നതെങ്ങനെ,’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും രുചിയുടെ ലോകത്ത് തനതായ ഒരിടം കണ്ടെത്തിയ ഒന്നാണ് രാമശ്ശേരി ഇഡ്ഡലി.
പാലക്കാട് ദേശീയ പാതയില്‍ പാലക്കാട് ടൌണില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് രാമശ്ശേരി എന്ന ഗ്രാമം. സരസ്വതി ടീ സ്റ്റാള്‍, ശങ്കര്‍ വിലാസ് ടീ സ്റ്റാള്‍ എന്നിങ്ങനെ രണ്ടു കടകളില്‍ മാത്രമാണ് രാമശ്ശേരി ഇഡ്ഡലി ലഭിക്കുക. രുചിപെരുമ കൊണ്ട് പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി ആസ്വദിച്ചു കഴിക്കുന്ന ഐശ്വര്യയെ ആണ് ചിത്രത്തില്‍ കാണാനാവുക.