ന്യൂഡല്‍ഹി∙ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ അറിയിച്ചു. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും 210 കോടി തിരിച്ചുപിടിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം.
ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു.
നിലവിൽ വൈദ്യുതി ബിൽ അടയ്ക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പണമില്ല. ഇത് കോൺഗ്രസിന്റെ എല്ലാ പ്രവർത്തനത്തെയും ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.