Spread the love

ഇന്ത്യൻ സിനിമയെ അന്തർദേശീയ തലത്തിൽ തന്നെ ചർച്ചയ്ക്ക് എത്തിച്ച മലയാളം ചിത്രമാണ് പുതുമുഖ സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റുമെന്ന സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ ഒറ്റ വാക്കിൽ തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ച ചിത്രം.2004ൽ എറണാകുളം മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് നടത്തിയ ഒരു കൂട്ടം യുവാക്കളുടെ യാത്രയായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ വലിയൊരു ഭാഗം സെറ്റിട്ടും ബാക്കി കൊടൈക്കനാലിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നത്. വി.എഫ്.എക്സ്സിന്റെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തിയ സിനിമ സാങ്കേതിക മികവിന് വലിയ കൈയ്യടിയും നേടിയിരുന്നു.

ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന സീന്‍ ഏറ്റവും പീക്കായിരുന്നു. ഗുണാ കേവ് ചിത്രത്തിനായി സെറ്റ് ഇടുകയായിരുന്നു. ബാസിയേയും കൊണ്ട് തറയില്‍ നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നതെന്നും പറയുകയാണ് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി. ചിത്രം റിലീസ് ചെയ്ത് ഒന്നാം വാർഷികത്തിൽ അണിയറപ്രവർത്തകർ പുറത്തിറക്കിയ ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍ വീഡിയോയിലാണ് ചാലിശ്ശേരിയുടെ വാക്കുകൾ.ചിത്രത്തിലെ സുപ്രധാന ലൊക്കേഷനായ ഗുണാകേവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വിശദീകരിക്കുന്നത്. ഗുണാകേവ് സന്ദർശിക്കുന്നത് മുതൽ സെറ്റ് ഇടാം എന്ന് തീരുമാനിക്കുന്നതും സെറ്റ് നിർമിക്കുന്നതും സിനിമയുടെ ചിത്രീകരണവും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

‘സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷന്‍ കൊടൈക്കനാലാണ്. അവിടെ ഇഷ്ടംപോലെ തവണ പോയിട്ടുണ്ട്. ആത്മബന്ധമുള്ള സ്ഥലമാണ്. എന്നാല്‍ ഞാന്‍ ഗുണാ കേവ് കണ്ടിരുന്നില്ല. ആദ്യം ഗുണാ കേവ് കാണാമെന്ന് വിചാരിച്ച് ചെന്നപ്പോള്‍ അവിടെ അടച്ചിട്ടിരിക്കുകയാണ്. ഇറങ്ങാന്‍ പറ്റില്ല. എങ്ങനെയൊക്കെയോ ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ സമീപിച്ച് ചെറിയ അനുമതി കിട്ടി. ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പായി അങ്ങനെ അവിടെ ഇറങ്ങി കാണാനുള്ള സൗകര്യമുണ്ടായി. ഞാന്‍, പ്രൊഡ്യൂസര്‍ ഷോണ്‍, ഷൈജു ഖാലിദ്, പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി എന്നിവര്‍ ഇറങ്ങി, അയാള്‍ വീണ കുഴി കണ്ടു. അവിടെ ആദ്യം തന്നെ എതിരേറ്റത് കുരങ്ങന്റെ തലയോട്ടിയാണ്. മരണമാണ് വെല്‍കം ചെയ്തത്. അവിടെത്തെ മണം അങ്ങനെയാണ്. കൊല്ലങ്ങളോളം സൂര്യവെളിച്ചമടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നുള്ള മണങ്ങളുമെല്ലാം കണ്ടപ്പോള്‍ തന്നെ അവിടെനിന്ന് ഷൂട്ട് ചെയ്യുക അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി അജയന്‍ ചാലിശ്ശേരി പറയുന്നു.

Leave a Reply