Spread the love

മുംബൈ∙ പാർട്ടി പിളർത്തി ബിജെപി ക്യാംപിലെത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനോടുള്ള ‘സ്നേഹം’ വെളിപ്പെടുത്തി എൻസിപി മേധാവി ശരദ് പവാർ. അജിത്തുമായി തർക്കങ്ങളില്ലെന്നും ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ നേതാവാണെന്നും പവാർ പറഞ്ഞു.‘‘അജിത് പവാർ ഞങ്ങളുടെ നേതാവാണ്, അതിലൊരു തർക്കവുമില്ല. എൻസിപിയിൽ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു പാർട്ടിയിൽ വിള്ളലുണ്ടാവുക? ദേശീയ തലത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗം വേർപെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എൻസിപിയിൽ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കൾ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തിൽ അങ്ങനെ അവർക്ക് ചെയ്യാനാകും’’– വാർത്താ ഏജൻസിയായ എഎൻഐയോടു പവാർ പറഞ്ഞു.
എൻസിപിയിലെ ചില നേതാക്കൾ ശിവസേന (ഏക്നാഥ് ഷിൻഡെ)– ബിജെപി സഖ്യത്തിനൊപ്പം സംസ്ഥാന സർക്കാരിന്റെ ഭാഗമായത് ഇഡി അന്വേഷണം നേരിടാതിരിക്കാനാണെന്നു പവാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പവാർ ബിജെപി നേതൃത്വത്തോട് അടുക്കുന്നതായുള്ള വാർത്തകൾക്കു പിന്നാലെയാണ് അജിത്തുമായി പ്രശ്നങ്ങളില്ലെന്നു വ്യക്തമാക്കിയത്. ശരദ് പവാറിന്റെ ചാഞ്ചാട്ടത്തിൽ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയിലും ‘ഇന്ത്യ’ പ്രതിപക്ഷ മുന്നണിയിലും ആശങ്കയും എതിർപ്പുമുണ്ട്.

Leave a Reply