മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണ് പുതിയ ചെയർമാൻ. 2014 മുതൽ കമ്പനിയിലെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി. അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് മുകേഷ് അംബാനി ആലോചിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ് അംബാനി. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായുള്ള ആകാശിന്റെ വളർച്ച ഡിജിറ്റൽ യാത്രയിൽ അദ്ദേഹം നൽകിയ പ്രത്യേക സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ്. റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയർമാനായി മുകേഷ് അംബാനി തുടരും. കമ്പനിയുടെ അഡീഷണൽ ഡയറക്ടർമാരായി രമീന്ദർ സിംഗ് ഗുജ്‌റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചതായും കമ്പനി അറിയിച്ചു. അഞ്ച് വർഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെ നിയമിക്കാനും ധാരണയായി.