
തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസ് തീരുമാനം.
എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് ഇരുചക്രവാഹനത്തില്‍ എത്തിയ ആള്‍ രാത്രി സ്‌ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് പുറത്തുവന്നത്. ആദ്യമെത്തി പരിസരം നോക്കി മടങ്ങിയ ശേഷം സെക്കൻഡുകൾക്കകം തിരിച്ചെത്തി ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം വാഹനം ഓടിച്ചു പോവുകയായിരുന്നു. ബോംബ് എറിയുന്ന സിസിടിവിയില്‍ നിന്നും വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല.
സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ഫൊറന്‍സിക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. ഏതു രീതിയിലുള്ള സ്‌ഫോടകവസ്തുവാണ് എറിഞ്ഞതെന്ന് സംഘം കണ്ടെത്തും. സ്‌ഫോടകവസ്തുക്കള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ എറിഞ്ഞത് ഏതുരീതിയിലുള്ള സ്‌ഫോടകവസ്തുവാണെന്ന് അറിയാന്‍ കഴിയൂ. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.
അതിനിടെ, സംഭവത്തെ തുടര്‍ന്ന് തലസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രതയിലാണ്. തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. നഗരത്തിലെ വിവിധ റോഡുകളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ വീടിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു. തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്.
അതിന്റെ തുടര്‍ച്ചയായാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.